കല്പറ്റ : ആരോഗ്യവകുപ്പും ആരോഗ്യകേരളം വയനാടും ചേർന്ന് നടത്തിയ എൻ.സി.ഡി. (ജീവിതശൈലീ രോഗനിയന്ത്രണ പരിപാടി) മാരത്തൺ പങ്കാളിത്തം കൊണ്ടു വളരെ ശ്രദ്ധേയമായി. 66 കായികതാരങ്ങൾ പങ്കെടുത്ത മാരത്തണിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മാസ്റ്റേഴ്സ് കായികതാരങ്ങളും മുട്ടിൽ ഡബ്ല്യു.എം.ഒ. കോളജിൽനിന്നുള്ള എൻ.സി.സി., എൻ.എസ്.എസ്. വിദ്യാർഥികളും ഭാഗമായി.
മുട്ടിൽ ബസ്സ്റ്റാൻഡ് പരിസരം മുതൽ കല്പറ്റ എസ്.കെ.എം.ജെ. സ്കൂൾവരെയാണ് മാരത്തൺ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഫ്ളാഗ് ഓഫ് ചെയ്തു.പുരുഷവിഭാഗത്തിൽ കാക്കവയൽ സ്വദേശി കെ.ആർ. സജീവ്, മുട്ടിൽ ഡബ്ല്യു.എം.ഒ. കോളേജിലെ കെ. മുഹമ്മദ് ഷാനിഫ്, മാനന്തവാടി സ്വദേശിയും മാസ്റ്റേഴ്സ് താരവുമായ സാബു പോൾ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വനിതാവിഭാഗത്തിൽ ബാവലി സ്വദേശിയും മാസ്റ്റേഴ്സ് താരവുമായ സജ്ന അബ്ദുറഹ്മാനാണ് ഒന്നാംസ്ഥാനം. മാസ്റ്റേഴ്സ് താരം കല്പറ്റ സ്വദേശിനി ലതിക എടഗുനി രണ്ടാംസ്ഥാനവും റൈന ലത്തീഫ് മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.