അമിതമായി കേക്ക് കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാവുന്നു. മാത്രമല്ല ചില രോഗങ്ങളുള്ളവര്‍ക്ക് രോഗനിയന്ത്രണം സാധിക്കാതെ വരുകയും ചെയ്യുന്നു.കേക്കില്‍ മധുരത്തിനുവേണ്ടിചേര്ക്കുന്നത് സാധാരണ പഞ്ചസാര അല്ല, കൂടുതല്‍ മധുരം നല്കുന്ന ഫ്രക്ടോസ് ആണ്. ചോളത്തില്‍ നിന്നും ഉണ്ടാക്കുന്ന ഹൈ ഫ്രക്ടോസ് കോണ്‍ സിറപ്പാണിത്.
കേക്കിനെ സംബന്ധിച്ച് കാലറി കൂടുതലാണ്, നാരുകള്‍ ഇല്ല. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ വളരെ കുറവും. മാത്രവുമല്ല ശരീരത്തിനു ദോഷം ചെയ്യുന്ന മധുരം, കൊഴുപ്പ് എന്നിവ കൂടുതലും. കേക്കിന്റെ പ്രധാന ചേരുവ മൈദയാണല്ലോ. ഗോതമ്പ് പൊടിക്കുമ്പോള്‍ അതിന്റെ മുഴുവന്‍ തവിടും പോഷകങ്ങളും നീക്കി കിട്ടുന്ന പൊടിയാണ് മൈദ. തവിടു നീക്കുന്നതു മൂലം മുഴുവന്‍ നാരുകളും നീക്കം ചെയ്യപ്പെടുന്നു.
നാരുകളുടെ അഭാവത്തില്‍ കേക്കിന്റെ മധുരം പെട്ടെന്നുതന്നെ രക്തത്തിലെ പഞ്ചസാരയുടെ നിലവാരം ഉയര്‍ത്തുന്നു.മധുരം കൂട്ടാൻ സഹായിക്കുന്ന ഫ്രക്ടോസ് അധികമായി ശരീരത്തിലെത്തിയാല്‍ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാവും. ഇതു കൂടാതെ നെയ്യ് ചേര്‍ക്കുന്നതിനു പകരം ട്രാന്‍സ്ഫാറ്റി ആസിഡുകളടങ്ങിയ വനസ്പതി, ഡാല്‍ഡ എന്നിവയും ചേര്‍ക്കുന്നു. ഹൃദയാരോഗ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് ഇവ.