വിമാനത്താവള കമ്പനി ഉന്നതനെതിരെ പീഡനകേസ്;കമ്പനി ഇയാളെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: അദാനി വിമാനത്താവള കമ്പനി ഉന്നതനെതിരേ ബലാത്സംഗ കേസ്‌. തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ്‌ എയര്‍പോര്‍ട്ട്‌ ഓപ്പറേറ്റര്‍ മധുസൂദന ഗിരിറാവുവിനെതിരേ പി.എ.ആയ യുവതിയുടെ പരാതിയില്‍ തുമ്പ പോലീസാണു കേസെടുത്തത്‌. ഇതേത്തുടര്‍ന്ന്‌ റാവുവിനെ കമ്പനി സസ്‌പെന്‍ഡ്‌ ചെയ്‌തു.

വിമാനത്താവളം ഏറ്റെടുക്കല്‍ ചര്‍ച്ചകളില്‍ അദാനി ഗ്രൂപ്പ്‌ ഉന്നതരോടൊപ്പം റാവുവും പങ്കെടുത്തിരുന്നു.കരാര്‍ അടിസ്‌ഥാനത്തില്‍ റാവുവിന്റെ പി.എ. ആയി നിയമിതയായ യുവതിയാണു പരാതിക്കാരി. കഴിഞ്ഞ നാലിന്‌ റാവു ഫ്‌ളാറ്റിലേക്ക്‌ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നു പോലീസിലും അദാനി ഗ്രൂപ്പിനും യുവതി പരാതി നല്‍കിയിരുന്നു.

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ്‌ അദാനി ഗ്രൂപ്പ്‌ ഏറ്റെടുത്ത ശേഷം വിമാനത്താവള ഡയറക്‌ടര്‍ക്ക്‌ തുല്യമായ സ്‌ഥാനമാണ്‌ ചീഫ്‌ എയര്‍പോര്‍ട്ട്‌ ഓപ്പറേറ്റര്‍ക്കുള്ളത്‌. സെക്കന്ദരാബാദ്‌ എയര്‍പോര്‍ട്ട്‌ ഡയറക്‌ടറായി വിരമിച്ച ശേഷമാണ്‌ റാവു അദാനി ഗ്രൂപ്പില്‍ ചേര്‍ന്നത്‌.ഒരു ജീവനക്കാരനെതിരേ ലഭിച്ച ലൈംഗിക പീഡന പരാതിയുടെ അടിസ്‌ഥാനത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്‌ അദാനി ഗ്രൂപ്പ്‌ വ്യക്‌തമാക്കി. മധുസൂദന ഗിരി റാവുവിന്റെ പേരു പരാമര്‍ശിക്കാതെയാണു കമ്പനിയുടെ കുറിപ്പ്‌.