കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങളിലെ കോവിഡിൻറെ ഒമിക്രോണ്‍ തരംഗം വൈകാതെ മൂര്‍ധന്യാവസ്ഥയിലെത്തുമെന്ന് കുവൈത്തിലെ കൊറോണ എമര്‍ജന്‍സി കമ്മിറ്റി മേധാവി ഡോ.ഖാലിദ് അല്‍ ജാറുല്ല മുന്നറിയിപ്പ് നല്കി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും ആനുപാതിക വര്‍ധനയുണ്ടാകും.
ബൂസ്റ്റര്‍ ഡോസ് വാക്സിന് എടുക്കുന്നത് പ്രതിരോധ ശേഷി വര്ധിപ്പിക്കുമെന്നതിനാല് ക്യാമ്പയിന് ഊര്‍ജിതമാക്കിയതായും അദ്ദേഹം പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തെ വിജയകരമായി മറികടക്കുന്നതില്‍ വാക്സിനേഷന് കാമ്ബയിന് വലിയ പങ്കുവഹിച്ചതായാണ് ആരോഗ്യ മന്ത്രാലയത്തിൻറെ വിലയിരുത്തല്‍.ആറുലക്ഷത്തോളം പേര് രാജ്യത്ത് പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ ബാക്കിയുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിൻറെ കണക്ക്. സാമൂഹിക പ്രതിരോധ ശേഷി എന്ന ലക്ഷ്യത്തിലേക്ക് രാജ്യം അടുത്തുവരുന്നതിനിടയിലാണ് കോവിഡ് മൂന്നാം തരംഗം പിടിമുറുക്കിത്തുടങ്ങിയത്.
പ്രതിരോധ കുത്തിവെപ്പ് പൂര്ത്തിയാക്കാത്തവരിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന വിധത്തിലുള്ള ഗുരുതരാവസ്ഥക്ക് സാധ്യത കൂടുതല്‍. വാക്സിനെടുക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ദേശീയാടിസ്ഥാനത്തില്‍ സമയബന്ധിതമായും വ്യവസ്ഥാപിതമായും നടത്തിയ ക്യാമ്പയിനിലൂടെ രാജ്യത്തെ ഭൂരിഭാഗം ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്കാന് അധികൃതര്‍ക്ക് സാധിച്ചു. അതേസമയം, കോവിഡ് കേസുകള്‍ ഉയരുമ്പോഴും വലിയൊരു വിഭാഗം ആളുകള്‍ വാക്സിനെടുക്കാന്‍ മടിക്കുന്നത് അധികൃതര്‍ക്ക് തലവേദനയാകുന്നു.