തിരുവനന്തപുരം: ചൈനയ്ക്കെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ചൈന ആഗോളവത്ക്കരണ കാലത്ത് പുതിയ പാത വെട്ടിത്തെളിക്കുന്ന രാജ്യമാണ്. മുഖ്യമന്ത്രി ചൈനയെ പറ്റി പറഞ്ഞ വിമര്‍ശനം ശരിയാണെന്നും കോടിയേരി പറഞ്ഞു. സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് കോടിയേരിയുടെ പ്രതികരണം.
ആധുനിക രീതിയിലെ സോഷ്യലിസ്റ്റ് ക്രമമാണ് ചൈന രൂപപ്പെടുത്തുന്നത്. 2021 ല്‍ ദാരിദ്ര നിര്‍മാര്‍ജനം കൈവരിക്കാന്‍ ചൈനക്ക് കഴിഞ്ഞുവെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കേണ്ടതാണ്. എന്നാല്‍ സോഷ്യലിസ്റ്റ് രാജ്യമെന്ന നിലയില്‍ സാമ്രാജ്യത്വ രാജ്യങ്ങളെ പ്രതിരോധിക്കുന്നതില്‍ ചൈനക്ക് വീഴ്ച പറ്റിയെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനം കോടിയേരി ശരിവെച്ചു. പി ബി അംഗം എസ് രാമചന്ദ്രൻ പിള്ള നടത്തിയ ചൈന അനുകൂല പ്രസംഗം വിവാദമായിരുന്നു. ചൈനയുടെ നിലപാടുകള്‍ സോഷ്യലിസ്റ്റ് രാജ്യത്തിന് ചേര്‍ന്നതല്ലെന്ന വിമര്‍ശനം സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നു. ഇതിനുള്ള മറുപടിയായാണ് കോടിയേരി രംഗത്തെത്തിയത്.