കോഴിക്കോട്: വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യു.സി.സി) അംഗങ്ങള്‍ വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി. പാര്‍വതി തിരുവോത്ത്, പത്മപ്രിയ, ദീദി ദാമോദരന്‍, സയനോര, അഞ്ജലി മേനോൻ അടക്കമുള്ളവരാണ് കോഴിക്കോട് ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചക്ക് എത്തിയത്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നാണ് വനിതാ സംഘടന മുന്നോട്ടുവയ്ക്കുന്നത്.
സിനിമ മേഖലയിൽ നിലനിൽക്കുന്ന സ്ത്രീവിരുദ്ധതയും അവർ അനുഭവിക്കുന്ന പ്രശ്നങ്ങളും ഡബ്ല്യുസിസി അംഗങ്ങൾ പങ്കുവച്ചെന്ന് പി സതീദേവി പറഞ്ഞു. ഇന്റേണൽ കംപ്ലെയിന്റ് കമ്മറ്റികൾ സിനിമ പ്രൊഡക്ഷൻ കമ്പനികളുടെ ഉത്തരവാദിത്തമാണെന്നും അത് നിയമപരമായ അവകാശമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തത് സംബന്ധിച്ച ചോദ്യത്തിന് അത് കമ്മീഷൻ അല്ല കമ്മറ്റി ആണെന്നും ഇക്കാര്യത്തിൽ കൂടുതൽ നിർദേശങ്ങൾ സർക്കാരിന് നൽകുമെന്നും സതീദേവി വിശദീകരിച്ചു. ഹേമ കമ്മീഷന് റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ലെന്നും ആ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ദീദി ദാമോദരന്‍, അഞ്ജലി മേനോന് എന്നിവര്‍ ആവശ്യപ്പെട്ടു.
ഇനി സമയമില്ലെന്നും തങ്ങളുടെ ആവശ്യങ്ങൾക്കായി മുട്ടാവുന്ന എല്ലാ വാതിലുകളും മുട്ടുമെന്നും ഡബ്ല്യുസിസി അംഗങ്ങൾ പറഞ്ഞു. കമ്മീഷൻ അല്ല കമ്മിറ്റി ആണെന്ന് ഞങ്ങളും ഇപ്പോഴാണ് അറിഞ്ഞത്. അതിനെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. പഠനറിപ്പോർട്ട് പബ്ലിക് ഡോക്യുമെന്റ് ആക്കണമെന്നാണ് ആഗ്രഹം.
നടിക്കുണ്ടായതു പോലുള്ള സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാനാണ് ഞങ്ങളുടെ ലക്ഷ്യം., അവർ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യം പഠിക്കുന്നതിനാണ് സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഡബ്ല്യുസിസി മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയതിന് പിന്നാലെയായിരുന്നു ഇത്. ജസ്റ്റിസ് ഹേമയ്ക്ക് പുറമെ വത്സലകുമാരി, നടി ശാരദ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. സിനിമാ മേഖലയിലെ അറുപതോളം സ്ത്രീകളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 2019ൽ സർക്കാരിന് റിപ്പോർട്ട് കൈമാറിയെങ്കിലും റിപ്പോർട്ടിലെ ഒരു ശുപാർശ പോലും നടപ്പിലാക്കിയിട്ടില്ല.