തൃശൂർ: കേരള ലളിതകലാ അക്കാഡമി ചെയർമാനായി മുരളി ചീരോത്തും, സെക്രട്ടറിയായി എൻ. ബാലമുരളീകൃഷ്ണനും ചുമതല ഏറ്റു. എബി എൻ. ജോസഫ് വൈസ് ചെയർമാനായി തുടരും. സ്ഥാനമൊഴിയുന്ന ചെയർമാൻ നേമം പുഷ്പരാജ്, സെക്രട്ടറി പി.വി. ബാലൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.തൃശൂർ മുല്ലശ്ശേരി സ്വദേശിയായ മുരളി ചീരോത്ത്, കലാകാരൻ, ആക്ടിവിസ്റ്റ്, കലാദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. തൃശൂരിലെ കോളേജ് ഒഫ് ഫൈൻ ആർട്സിൽ നിന്ന് കലാപഠനത്തിന് ശേഷം, അദ്ദേഹം ശാന്തിനികേതനിലെ കലാഭവനിൽ നിന്ന് പ്രിന്റ് മേക്കിംഗിൽ ബി.എഫ്.എയും (1992) ഗ്രാഫിക് ആർട്ടി ൽ എം.എഫ്.എയും (1995), പിന്നീട് അഹമ്മദാബാദിലെ സിഡാക്കിൽ നിന്ന് മൾടീമീഡിയയിൽ ഡിപ്ലോമയും നേടി. ഇന്ത്യയിലും വിദേശത്തുമായി ഡസൻ കണക്കിന് ഏകാംഗ പ്രദർശനങ്ങൾക്ക് പുറമെ, പ്രമുഖമായ നിരവധി സംഘ പ്രദർശനങ്ങളിലും അദ്ദേഹം പങ്ക് എടുത്തിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര സ്വദേശിയായ ബാലമുരളീകൃഷ്ണൻ മാവേലിക്കര രാജാ രവിവർമ്മ ഫൈൻ ആർട്സ് കോളേജിൽ നിന്നും കലാപഠനം പൂർത്തിയാക്കി. 1983 മുതൽ കേരളത്തിനകത്തും പുറത്തുമായി നിരവധി ഗ്രൂപ്പ് ഏകാംഗ ചിത്ര പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ നിരവധി ചിത്രകലാ ക്യാമ്പുകൾ, കേരള ലളിതകലാ അക്കാഡമി സംസ്ഥാന പുരസ്കാരങ്ങൾ, രാജാ രവിവർമ്മ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. നിരവധി തവണ കേരള ലളിതകലാ അക്കാഡമി നിർവാഹക സമിതി അംഗമായി പ്രവർത്തനം അനുഷ്ഠിച്ചിട്ടുണ്ട്.