ആലങ്ങാട്: കരസേനയിലെ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ എഴുപത്തിയാറുകാരനായ സെയ്തു മുഹമ്മദ്, പണ്ട് പാക് വിമാനങ്ങളുടെ കഴുകൻ കണ്ണുകളെ മറികടന്ന് ബംഗ്ലാദേശിലെ യുദ്ധഭൂമിയിൽ പടക്കോപ്പുകൾ എത്തിച്ച പോരാളിയാകും.കോട്ടപ്പുറം പട്ടവാരിക്കൽ വീട്ടിൽ നിധിപോലെ സൂക്ഷിക്കുന്ന സൈനികമെഡലുകളുടെ തിളക്കം അപ്പോൾ ആ കണ്ണുകളിലുണ്ടാകും. 1965ലെ ഇന്ത്യ പാക് യുദ്ധത്തിലും 1971 ലെ ബംഗ്ലാദേശ് വിമോചന പോരാട്ടത്തിലും പങ്കെടുത്ത ഈ മുൻ സൈനികന് 4 യുദ്ധ മെഡലുകൾ, രക്ഷാ മെഡൽ, സേവാ മെഡൽ അടക്കം ബഹുമതികൾ ഏറെയുണ്ട്. സേനയുടെ പടക്കോപ്പുകൾ കൈാര്യം ചെയ്യുന്ന ആർമി ഓർഡിനൻസ് കോർ വിഭാഗത്തിൽ നിയമിതനായത് 18ാം വയസിൽ ആയിരിന്നു.
പരിശീലന ശേഷം കാശ്മീരിൽ നിയോഗിക്കപ്പെട്ടപ്പോഴായിരുന്നു 1965 ലെ പാക് അധിനിവേശം ചെറുത്തത്.
തുടർന്ന് 1971 ലെ ബംഗ്ലാദേശ് വിമോചനത്തിനു നിയോഗിക്കപ്പെട്ട ഇന്ത്യൻ സൈനിക ദൗത്യത്തിലും ഉൾപ്പെട്ടു. യുദ്ധഭൂമിയിൽ ആവശ്യമായ പടക്കോപ്പുകൾ എത്തിക്കുക, പിടിച്ചെടുത്ത ആയുധങ്ങൾ സുരക്ഷിതമാക്കുക തുടങ്ങിയ തന്ത്രപ്രധാന ചുമതലകൾക്കായി ബംഗ്ലാദേശിന്റെ പലഭാഗങ്ങളിലും സഞ്ചരിച്ചു. യുദ്ധത്തിനിടെ പിതാവ് മരിച്ച വിവരം വൈകിയാണ് അറിഞ്ഞത്.
നാല് സഹോദരിമാരും അനുജനുമടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവന്നതിനാൽ സൈനിക സേവനം അവസാനിപ്പിച്ച് മടങ്ങേണ്ടിവന്നു. 10 വർഷം സർവീസ് പൂർത്തിയാകാൻ 3 മാസം മാത്രം ശേഷിക്കേയായിരുന്നു ഇത്. ഈ സാങ്കേതികതയുടെ പേരിൽ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.