തിരുവനന്തപുരം:സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പുതുക്കിയ പലിശ നിരക്കിന്റെ വിവരങ്ങള്‍ ബാങ്ക് വെബ്സൈറ്റിലാണ് നല്‍കിയിരിക്കുന്നത്. രണ്ട് കോടി രൂപ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.
ബാങ്കുകള്‍ പതിയെ പലിശ നിരക്ക് ഉയര്‍ത്തുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് തെരഞ്ഞെടുക്കപ്പെട്ട നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. മൂന്ന് ദിവസം മുന്‍പാണ് പുതിയ നിരക്ക് നിലവില്‍ വന്നത്. രണ്ട് കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് രണ്ട് വര്‍ഷത്തിന് മുകളില്‍ സ്ഥിര നിക്ഷേപം നടത്തുന്നതിന് 10 ബേസിസ് പോയിന്റാണ് പലിശ നിരക്ക് വർദ്ധനവുണ്ടായത് .
ഒരു വര്‍ഷത്തിന് മേല്‍ കാലാവധിയുള്ളതും എന്നാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ കാലാവധി അവസാനിക്കുന്നതുമായ രണ്ട് കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് പത്ത് ബേസിസ് പോയിന്റാണ് വര്‍ധിപ്പിച്ചത്. ഈ നിക്ഷേപങ്ങള്‍ക്ക് ഇനി 5.1 ശതമാനമാണ് പലിശ ലഭിക്കുക. ഇതുവരെ 5 ശതമാനമായിരുന്നു പലിശ ലഭിച്ചിരുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് നിലവില്‍ കിട്ടിക്കൊണ്ടിരുന്ന 5.5 ശതമാനം പലിശ ഇനി മുതല്‍ 5.6 ശതമാനമായിരിക്കും.
രണ്ട് വര്‍ഷത്തിന് മുകളില്‍ കാലാവധിയുള്ള എന്നാല്‍ മൂന്ന് വര്‍ഷത്തില്‍ കുറവ് കാലാവധിയുള്ള രണ്ട് കോടിക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 5.2 ശതമാനമാണ് പലിശ. മൂന്ന് വര്‍ഷത്തിനും അഞ്ച് വര്‍ഷത്തിനും ഇടയിലുള്ള നിക്ഷേപങ്ങള്‍ക്ക് 5.4 ശതമാനമാണ് പലിശ. അഞ്ച് മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.6 ശതമാനമാണ് പലിശ നിരക്ക്.