കട്ടപ്പന: ഇരുപതേക്കറിലെ താലൂക്ക് ആശുപത്രിയിലെ ഭിന്നശേഷിക്കാരനായ അറ്റൻഡറെ മർദ്ദിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയപാറ സ്വദേശി ശരത് രാജീവാണ് (19) അറസ്റ്റിലായത്. വീണ് പരിക്കേറ്റ സുഹൃത്തിന് ആവശ്യപ്പെട്ട പ്രകാരം ചികിത്സ നൽകിയില്ലെന്ന് ആരോപിച്ചാണ് അറ്റൻഡറെ യുവാവ് ആക്രമിച്ചത്. ഗ്രേഡ് 2 അറ്റൻഡറായ തൊടുപുഴ സ്വദേശി വി.പി. രജീഷിനാണ് പരിക്കേറ്റത്. മുഖത്തും കാലിനും പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്. പരിക്ക് പറ്റിയ യുവാവിനെയുമായി വെള്ളിയാഴ്ച വൈകിട്ട് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിയിരുന്നു. ആവശ്യമായ ചികിത്സ നൽകിയശേഷം അധികൃതർ പറഞ്ഞയച്ചത്.
പക്ഷെ, ബാൻഡേജ് ശരിയായില്ലെന്ന വാദവുമായി പ്രതി ശരതും പരിക്കേറ്റ സുഹൃത്തും ശനിയാഴ്ച ഉച്ചയോടെ ആശുപത്രിയിൽ എത്തി. തുടർന്ന് അറ്റൻഡർ രജീഷിന്റെ അടുത്തെത്തി മുറിവിൽ വേറെ ബാൻഡേജ് ഒട്ടിക്കണമെന്ന് ആവശ്യപ്പെട്ടു. ഒ.പി ചീട്ട് എടുക്കാതെ കഴിയില്ലെന്ന് അറിയിച്ചതോടെ ശരത് അറ്റൻഡറെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ മറ്റ് സഹപ്രവർത്തകരാണ് രജീഷിനെ രക്ഷിച്ചത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചതനുസരിച്ച് എസ്.ഐ കെ. ദിലീപ് കുമാറും സി.പി.ഒ പ്രശാന്ത് മാത്യുവുമെത്തി പ്രതിയെ പിടികൂടി. ആശുപത്രിയിൽ അതിക്രമിച്ച് കയറി സംഘർഷമുണ്ടാക്കിയതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന സർക്കാർ ജീവനക്കാരനെ മർദ്ദിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്.