പത്തനംതിട്ട : ജില്ലയിൽ കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്. അതിതീവ്ര വ്യാപനസാദ്ധ്യത നിലനിൽക്കെ ഇന്നലെ ജില്ലയിൽ 863 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ദിവസവും മരണവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജില്ലയിലെ നഗരസഭകളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നുണ്ട്. നൂറ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്താണ് ഇപ്പോൾ എണ്ണൂറിലധികം കേസുകൾ ആയിരിക്കുന്നത്.
ജില്ലയിൽ ഇതുവരെ ആകെ 2,11,449 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.നിലവിൽ 3070 പേർ ചികിത്സയിലാണ്. ഈ മാസം തുടക്കം മുതൽ കൊവിഡ് കേസുകളിൽ വലിയ രീതിയിൽ ഉയർന്നിട്ടുണ്ട്. വീണ്ടും ഒരു അടച്ചിടീൽ സാദ്ധ്യമാവില്ലെന്ന് അധികൃതർ പറയുന്നു. കേസുകൾ എങ്ങനെ കുറയ്ക്കുമെന്ന കാര്യത്തിൽ മാസ്ക് വയ്ക്കണം, സാനിറ്റൈസർ ഉപയോഗിക്കണം, അകലം പാലിക്കണം എന്ന് മാത്രമേ നിർദേശം നൽകിയിട്ടുള്ളൂ.