കോവിഡ് വ്യാപനം വീണ്ടും പിടിമുറുക്കിയതോടെ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് റിലീസ് മാറ്റിയത്. മലയാളത്തിൽ ദുല്‍ഖര്‍ സല്‍മാൻ്റെ സല്യൂട്ടിന് പിന്നാലെ ടൊവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്ത നാരദനാണ് റിലീസ് മാറ്റിയത്. എന്നാൽ വിനീത് ശ്രീനിവാസൻ്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായ ഹൃദയം ഈ മാസം 21നു തന്നെ തീയറ്ററുകളിലെത്തും. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിൻ്റെ സാഹചര്യത്തിൽ ഹൃദയം റിലീസ് മാറ്റിവച്ചു എന്ന റിപ്പോർട്ടുകൾ തള്ളി വിനീത് ശ്രീനിവാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
‘ഹൃദയം ജനുവരി 21 ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ലോക്ഡൗണും, സണ്‍ഡേ കര്‍ഫ്യൂ, നൈറ്റ് കര്‍ഫ്യൂ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാല്‍ 21 ന് തന്നെ സിനിമ തിയറ്ററുകളിലെത്തും റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്ത പരക്കുന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ്’ – വിനീത് ശ്രീനിവാസന് കുറിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fofficial.vineethsreenivasan%2Fposts%2F478546843637787&show_text=true&width=500
പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ‘ജേക്കബിൻ്റെ സ്വർഗരാജ്യം’ എന്ന സിനിമയ്ക്ക് ശേഷം വിനീത് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഹൃദയം’. വിശ്വജിത്ത് ആണ് ക്യാമറ. ഹിഷാം അബ്ദുൽ വഹാബ് പാട്ടുകളൊരുക്കും. ഹിഷാമിൻ്റെ പാട്ടുകളൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രഞ്ജൻ അബ്രഹാം എഡിറ്റ്. മെറിലാൻഡ് സിനിമാസ്, ബിഗ് ബാങ് എൻ്റർടെയിന്മെൻ്റ്സ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.