ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കുള്ള വിലക്ക് നീട്ടി. രാഷ്ട്രീയ പാർട്ടികളുടെ റാലികൾക്കും റോഡ് ഷോകൾക്കുമുള്ള വിലക്കാണ് നീട്ടിയത്. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി 22 വരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് നീട്ടിയിരിക്കുന്നത്. നേരത്തെ, ജനുവരി എട്ട് മുതൽ 15 വരെയായിരുന്നു തെരഞ്ഞെടുപ്പ് റാലികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
ഓഡിറ്റോറിയങ്ങളിൽ 300 പേർ വരെയുള്ള യോഗങ്ങൾ സംഘടിപ്പിക്കാം. എന്നാൽ ഇത് ഓഡിറ്റോറിയത്തിന്റെ ശേഷിയുടെ 50 ശതമാനം അല്ലെങ്കിൽ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി നിശ്ചയിച്ചിരിക്കുന്ന പരിധിയിലായിരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.