തിരുവനന്തപുരം: ഒമിക്രോൺ വകഭേദത്തിന് മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് വരുന്നവര്‍ക്ക് മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തില്‍ പ്രത്യേകിച്ച് അത് കണ്ടതാണ്. പക്ഷേ ഒമിക്രോണിലേക്ക് എത്തുമ്പോള്‍ അത് ഉണ്ടാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.കോവിഡ് ലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണം. ലക്ഷണം ഇല്ലാത്തവരില്‍ നിന്നാണ് കോവിഡ് രോഗവ്യാപനം ഉണ്ടാകുന്നത്. അതുകൊണ്ടാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് പറയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് കോവിഡ് ചികിത്സക്കുള്ള മരുന്നിന്റെ ക്ഷാമമുണ്ടെന്ന വാര്‍ത്തകള്‍ മന്ത്രി നിഷേധിച്ചു. തികച്ചും അടിസ്ഥാനരഹിതമാണിത്. മോണോക്ലോണല്‍ ആന്റിബോഡിക്ക് ക്ഷാമമില്ല. ചികിത്സാ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഇത് നല്‍കുന്നത്. ഏത് ഘട്ടത്തിലാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കുന്നത് അതാത് സ്ഥാപനങ്ങളിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നാണ്. വിലകൂടുതല്‍ ആയതിനാല്‍ തന്നെ വലിയ തോതില്‍ വാങ്ങിവെക്കാറില്ല. ആവശ്യാനുസരണമാണ് വാങ്ങുന്നത്. ഒരുഘട്ടത്തിലും ലഭ്യതക്കുറവ് ഉണ്ടായിട്ടില്ല. റെംഡിസിവറും ആവശ്യത്തിനനുസരിച്ച് ലഭ്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.