സൊഹാര്‍: ഗള്‍ഫ് രാജ്യത്തുനിന്ന് നാട്ടിലേക്ക് പോയ പ്രവാസികള്‍ അവധി വെട്ടിച്ചുരുക്കി ജോലിസ്ഥലത്തേക്ക് തിരിച്ചുവരാൻ തുടങ്ങി.പക്ഷെ, യാത്ര വിലക്ക്, ക്വാറന്റീന് എന്നിവ ഏര്‍പ്പെടുത്തിയാല്‍ നാട്ടില്‍ കുടുങ്ങിപ്പോകും എന്ന ചിന്തയിലാണ് പലരും തിരിച്ചുവരവിന് ഒരുങ്ങുന്നത്. വിമാന ടിക്കറ്റ് നിരക്ക് ക്രമാതീതമായി
വര്‍ധിച്ചിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് പലരും ലീവ് വെട്ടിച്ചുരുക്കി തിരിച്ചെത്തുന്നത്.ഒമാനില്‍ നിന്ന് അവധിക്ക് പോയ പലരും ലീവ് പൂര്‍ത്തിയാക്കാതെ മടങ്ങാനൊരുങ്ങുകയാണ്. കോവിഡ് വ്യാപന തോത് വര്‍ധിച്ചതും ഒമിക്രോണ്‍ സാന്നിധ്യവും രാജ്യത്ത് നിയന്ത്രണം വന്നേക്കാം എന്ന ആശങ്കയിലാണ് പലരും യാത്ര നേരത്തെയാക്കുന്നത്. ഒരു ഗള്‍ഫ് രാജ്യവും ഇതുവരെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.
ജനുവരി മുതല്‍ ഫെബ്രുവരി പത്തുവരെ ഒമാനിലേക്കുള്ള വിമാന ടിക്കറ്റ് വില 195 റിയാലാണ്. അതായത് 38,000 രൂപ. തിരുവനന്തപുരത്തുനിന്നും കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നും ഒരാള്‍ക്ക് ഇന്‍ഷുറന്‍സടക്കം ഇത്രയും തുക നല്‍കണം. യാത്രക്കാര്‍ എറെയുള്ള കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന് മസ്കത്തിലേക്ക് 200 റിയാലിന് മുകളിലാണ് നിരക്ക്. എയര്‍ ബബ്ള് കരാര്‍ നിലവിലുള്ളതിനാലാണ് ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണമെന്ന് സഹമില്‍ ക്യാപ്റ്റന്‍ ട്രാവല്‍സിലെ പ്രതിനിധി അഷ്റഫ് പറഞ്ഞു.
എന്നാല്‍, കോഴിക്കോടുനിന്ന് മസ്കത്തിലേക്കുള്ള യാത്രാദൂരം മൂന്നര മണിക്കൂറാണ്. ഇതേസമയം തന്നെയാണ് കോഴിക്കോടുനിന്നും ദുബൈയിലേക്കുമുള്ളത്. ദുബൈയിലേക്കുള്ള ടിക്കറ്റ് നിരക്ക് 70 റിയാല്‍ മാത്രമാണ്. ഖത്തറിലേക്ക് 100 റിയാലും. ഇങ്ങനെ ടിക്കറ്റ് നിരക്കിലെ അന്തരം പലപ്പോഴും പ്രവാസികള്‍ ചൂണ്ടിക്കാണിച്ചുവെങ്കിലും സാങ്കേതികവശം പറഞ്ഞ് ന്യായീകരിക്കുകയാണ് പതിവ്. കുടുംബവുമായി യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റിനായി വലിയ സാമ്ബത്തിക ബാധ്യത വരും.