ജിദ്ദ: ഈ വര്‍ഷത്തെ സൗദി ഡാക്കര്‍ റാലിയില്‍ ഖത്തറി കാറോട്ട താരം നാസര്‍ അല്‍അത്വിയ കാര്‍ വിഭാഗത്തില്‍ ജേതാവായി.12 ഘട്ടങ്ങളായാണ് മത്സരം നടന്നത്. മത്സരത്തിന്റെ ആദ്യംഘട്ടം മുതലേ നാസര്‍ അല്‍അത്വിയ മുന്നിലായിരുന്നു. സെബാസ്റ്റ്യന്‍ ലോബിനെ 27 മിനിറ്റും 46 സെക്കന്‍ഡും വ്യത്യാസത്തില്‍ പിന്നിലാക്കിയാണ് അല്‍അത്വിയ വിജയകിരീടം ചൂടിയത്.
ഫ്രഞ്ച് താരം സെബാസ്റ്റ്യന്‍ ലോബ് രണ്ടാം സ്ഥാനവും സൗദി താരം യസീദ് അല്‍റാജ്ഹി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാലാം തവണയാണ് നാസര്‍ അല്‍അത്വിയ ഡാക്കര്‍ റാലിയില്‍ കിരീടം നേടുന്നത്. ഒരു മണിക്കൂര്‍ ഒരു മിനിട്ട് 13 സെക്കന്‍ഡിലാണ് സൗദി യസീദ് അല്‍റാജ്ഹി മൂന്നാമതെത്തിയത്.ലോകത്തിലെ ഏറ്റവും പ്രശസ്തവും അഭിമാനകരവുമായ മരുഭൂമി റാലിയുടെ ചരിത്രത്തില്‍ പങ്കാളിത്തത്തില്‍ ഏറ്റവും വലിയ പതിപ്പാണ് 2022 ലെ സൗദി ഡാക്കാര്‍ റാലി. ലോകമെമ്പാടുമുള്ള 70 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 650 ലധികം പേരാണ് റാലിയില്‍ പങ്കെടുത്തത്. വിവിധ വിഭാഗങ്ങളിലായി 430 വാഹനങ്ങളും ഡാകര്‍ ക്ലാസിക് വിഭാഗത്തില്‍ 148 വാഹനങ്ങളുമുണ്ടായിരുന്നു.
ബ്രിട്ടന്റെ ‘ഗാസ്ഗാസ്’ റൈഡര്‍ സാം സണ്ടര്‍ലാന്‍ഡ് ആണ് ബൈക്ക് വിഭാഗത്തില്‍ ജേതാവ്. ചിലിയന്‍ പാബ്ലോ ക്വിന്റാനിയ, ഓസ്ട്രിയന്‍ മത്തിയാസ് ഫോക്നര്‍ എന്നിവരെ മറികടന്നാണ് സണ്ടര്‍ലാന്‍ഡ് വിജയ കിരീടം ചൂടിയത്. ഇത് രണ്ടാം തവണയാണ് സാം സണ്ടര്‍ലാന്‍ഡ് കിരീടമണിയുന്നത്. 2017 ഡാക്കര്‍ റാലിയിലായിരുന്നു ആദ്യം കിരീടം ചൂടിയിരുന്നത്.ട്രക്ക് വിഭാഗത്തില്‍ റഷ്യന്‍ കാമാസ് മാസ്റ്റര്‍ ടീം ആണ് ജേതാക്കളായത്. ജനുവരി രണ്ടിനാണ് ഡാക്കര്‍ റാലി ആരംഭിച്ചത്. മത്സരത്തിന്റെ 12-ാമത്തെയും അവസാനത്തെയും ഘട്ടം ജിദ്ദയിലായിരുന്നു. ബിഷ ഗവര്‍ണറേറ്റില്‍ നിന്ന് ജിദ്ദയിലേക്കുള്ള അവസാന ഘട്ടം 680 കിലോമീറ്റര്‍ ദൂത്തിലായിരുന്നു.