തിരുവനന്തപുരം;സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. സര്‍ക്കാര്‍ പരിപാടികള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറും. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കും. ടിപിആര്‍ 20ന് മുകളിലുള്ള ജില്ലകളിലെ പരിപാടികളില്‍ 50 പേര്‍ക്ക് മാത്രമായിരിക്കും പങ്കെടുക്കാന്‍ അനുമതി.മാളുകളില്‍ 25 സ്ക്വയര്‍ ഫീറ്റിന് ഒരാള്‍ എന്ന നിലയിലായിരിക്കും പ്രവേശനം.
സംസ്ഥാനത്തെ സ്കൂളുകളും ഭാഗികമായി അടക്കും. ഒൻപതാം തരം വരെയുള്ള ക്ലാസുകളാണ് അടയ്ക്കുക. ഈ മാസം 21 മുതൽ സ്കൂൾ അടയ്ക്കും. എന്നാൽ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ ഓഫ്ലൈനായി പഠനം തുടരും.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ കൂടുതലുള്ള ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, സാമുദായിക പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയുടേത് പോലെ 50 പേരായി പരിമിതപ്പെടുത്തും. കൂടുതൽ പേർ പങ്കെടുക്കേണ്ട നിർബന്ധിത സാഹചര്യങ്ങളിൽ പ്രത്യേക അനുവാദം വാങ്ങണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ൽ കൂടുതൽ വന്നാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല.