ന്യൂഡല്‍ഹി: ഇറ്റാലിയന്‍ ആഡംബര സ്പോര്‍ട്സ് കാര്‍ ബ്രാന്‍ഡ് ലംബോര്‍ഗിനി, ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ കാറുകള്‍ വിതരണം ചെയ്തുകൊണ്ട് 2021ല്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി.
കഴിഞ്ഞ വര്‍ഷം 8,405 കാറുകള്‍ വിറ്റതായി നിര്‍മ്മാതാവ് പ്രഖ്യാപിച്ചു. അമ്പത്തൊമ്പത് വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2020 നെ അപേക്ഷിച്ച് 13 ശതമാനം വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്.ഇന്ത്യയില്‍, ലംബോര്‍ഗിനി കഴിഞ്ഞ വര്‍ഷം നൂറാമത് ഉറൂസ് വിതരണം ചെയ്തിരുന്നു. ഹുറാകാന്‍ ഇവോ ആര്‍ഡബ്ല്യുഡി സ്‌പൈഡര്‍, ഹുറാകാന്‍ എസ്ടിഒ, ഉറുസ് പേള്‍ കാപ്‌സ്യൂള്‍, ഉറുസ് ഗ്രാഫൈറ്റ് കാപ്‌സ്യൂള്‍ എന്നിങ്ങനെ നാല് മോഡലുകളും കമ്ബനി കഴിഞ്ഞ വര്‍ഷം പുറത്തിറക്കി. ഇന്ത്യയില്‍ 300 യൂണിറ്റുകളുടെ വില്‍പ്പന നാഴികക്കല്ലും കഴിഞ്ഞ വര്‍ഷം കമ്ബനി ആഘോഷിച്ചിരുന്നു.
ലംബോര്‍ഗിനിയുടെ മോഡല്‍ ശ്രേണിയില്‍ ഉറുസ് എസ്യുവി ആഗോളതലത്തില്‍ കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ്. കഴിഞ്ഞ വര്‍ഷം 5,021 യൂണിറ്റ് ഉറൂസുകള്‍ വിറ്റഴിച്ചു. 2,586 യൂണിറ്റുകളുമായി ലംബോര്‍ഗിനിയുടെ ബെസ്റ്റ് സെല്ലറുകളില്‍ രണ്ടാം സ്ഥാനത്താണ് ഹുറാകാന്‍. 798 യൂണിറ്റുകളുമായി അവന്റഡോര്‍ വി12 മൂന്നാം സ്ഥാനത്താണ്.
കഴിഞ്ഞ വര്‍ഷം ലംബോര്‍ഗിനി മൂന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയിരുന്നു. ഹുറാകാന്‍ സൂപ്പര്‍ ട്രോഫിയോ ഇവിഒ, ജിടി3 ഇവിഒ റേസിംഗ് കാറുകള്‍, അവന്റഡോര്‍ അള്‍ട്ടിമേ, കൗണ്ടാച്ച് എല്‍പിഐ 8004 എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട റോഡ്-ലീഗല്‍ മോഡലായ ഹുറേക്കാന്‍ എസ്ടിഒ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷം, ലോകമെമ്പാടും നാല് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ ലംബോര്‍ഗിനി പദ്ധതിയിടുന്നതായാണ് വിവരം.