കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിൻ്റെ വീട്ടിൽ റെയ്ഡ്. രാവിലെ 11.45-ഓടെയാണ് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആലുവ പറവൂര്‍ കവലയിലെ ദിലീപിൻ്റെ വീട്ടിലേക്ക് എത്തിയത്. എന്നാൽ ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് പോലീസ് മതിൽ ചാടി കടന്ന് വീട്ടുപറമ്പിലേക്ക് പ്രവേശിച്ചു.
പിന്നീട് ദിലീപിൻ്റെ സഹോദരി സ്ഥലത്ത് എത്ത് ഉദ്യോഗസ്ഥര്‍ക്ക് വീട് തുറന്നു കൊടുത്തു. ഇതോടെ ഇരുപത് അംഗ ക്രൈംബ്രാഞ്ച് സംഘം അകത്ത് കയറി പരിശോധന തുടങ്ങി. കോടതിയുടെ അനുമതിയോടെയാണ് പരിശോധന എന്ന് ക്രൈം ബ്രാഞ്ച് സംഘം അറിയിച്ചു. പോലീസുകാര്‍ക്കെതിരായ വധഭീഷണി കേസ് ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പരിശോധന. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ആലുവയിലെ വീട്ടിലെ ഹാളില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്നാണ് സംവിധായകന് ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.
ആലുവയിലെ വീട്ടില്‍ വെച്ച് നടിയെ ആക്രമിച്ചതിൻ്റെ ദൃശ്യങ്ങള്‍ അടങ്ങിയ ടാബ് ഗള്‍ഫില്‍ നിന്നെത്തിയ വിഐപി ദിലീപിന് കൈമാറിയെന്നും, ഈ വീഡിയോ കണ്ടെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വീട്ടില്‍ വെച്ച് കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ്, സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരടക്കം ആറുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. കേസില്‍ ദൃശ്യങ്ങള്‍ കൈമാറിയെന്ന് ആരോപണവിധേയനായ വിഐപിയും പ്രതിയാണ്. അന്വേഷണ ചുമതലയില്‍ നിന്നും ഡിജിപി ബി സന്ധ്യയെ മാറ്റണമെന്ന് ഒരു മന്ത്രിയെ വിളിച്ച് വിഐപി ആവശ്യപ്പെട്ടതായും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.