തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നത് കണക്കിലെടുത്ത് സ്കൂളുകള്‍ അടച്ചിടേണ്ട സാഹചര്യമുണ്ടോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മന്ത്രി രാവിലെ 11.30ന് മുഖ്യമന്ത്രിയെ കാണും. കൂടിക്കാഴ്ചയിൽ നിയന്ത്രണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
കോവിഡ് വ്യാപനം സംസ്ഥാനത്ത് വീണ്ടും ശക്തമായിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളെ കാര്യമായി ബാധിച്ചിട്ടില്ല. എങ്കിലും കുട്ടികളുടെ ആരോഗ്യം ഏറെ പ്രധാനപ്പെട്ടതാണ്. കലാലയങ്ങളിലെ ക്ലസറ്ററുകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി പ്രതികരിച്ചു. സംസ്ഥാനത്തെ സ്കൂളുകളിലെ സാഹചര്യം വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമുണ്ടാകും. പരീക്ഷ നടത്തിപ്പും സ്കൂളുകളുടെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രിയെ അറിയിക്കും.
കോവിഡ് അവലോകന കമ്മിറ്റി സ്കൂളുകളുടെ കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന നിലയില്‍ റിപ്പോര്‍ട്ട് നല്കിയാല് അക്കാര്യം വിദ്യാഭ്യാസ വകുപ്പ് ഗൗരവമായിത്തന്നെ കാണും. അത്തരം സാഹചര്യത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് മെഗാ തിരുവാതിര നടത്തിയതിനെയും മന്ത്രി വിമര്‍ശിച്ചു. സമൂഹതിരുവാതിര ഒഴിവാക്കേണ്ടതായിരുന്നു. അശ്രദ്ധ മൂലം സംഭവിച്ച കാര്യമാണെന്നും മന്ത്രി പറഞ്ഞു.