തിരുവനന്തപുരം: കേരളത്തിലെ ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരം ജീവനക്കാരായി പുനര്‍വിന്യസിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. മുന്‍ എം പി പി കരുണാകരന്റെ നേതൃത്വത്തില്‍ ഏകാധ്യാപകരുടെ സംഘടനയായ എഎസ്ടിയു ഈ ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാരിന്റെ തീരുമാനം.
യാത്രാസൗകര്യം തീരെ ഇല്ലാത്തതും വിദ്യാഭ്യാസപരമായി പിന്നാക്കം നില്ക്കുന്നതുമായ ഒറ്റപ്പെട്ട തീരപ്രദേശങ്ങളിലെയും വന മേഖലകളിലെയും കുട്ടികളെ രാജ്യ വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി 1997-ല്‍ ആവിഷ്കരിച്ച ആശയമാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍. കേരളത്തില്‍ കാസര്‍കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ഈ പദ്ധതി ആദ്യമായി നടപ്പാക്കിയത്. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് മള്‍ട്ടി ഗ്രേഡ് ലേര്‍ണിങ് സെന്റഴ്സ് നിലനില്‍ക്കുന്നത്.