കൊച്ചി: മൂവാറ്റുപുഴയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. സി.പി.എം. കൊടിമരം തകര്‍ത്തതിനെതിരേ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചാണ് തമ്മിലടിയില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ മാത്യു കുഴല്നാടന് എംഎല്‍എയ്ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. ധീരജ് കൊല്ലപ്പെട്ടതിന് പിന്നാലെ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസിന്റെ കൊടിമരം തകര്‍ത്തു. ഇതില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം സി.പി.എം. ഓഫീസിനു മുന്നിലെത്തിയതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ചേരിതിരിഞ്ഞ് തമ്മിലടിക്കുകയുമായിരുന്നു. പരസ്പരം കല്ലേറുമുണ്ടായി.
സംഘര്‍ഷാവസ്ഥ അര മണിക്കൂറോളം തുടര്‍ന്നതായാണ് വിവരം. ഇരുവിഭാഗത്തിലുമുള്ള നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സംഘർഷത്തിൽ പുത്തൻകുരിശ് ഡി.വൈ.എസ്.പി. അജയ്നാഥിന്റെ തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നാലെ നഗരത്തിന്റെ പല ഭാഗങ്ങളിലും സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇപ്പോള്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നു.
പൈനാവ് ഗവണ്മെന്റ് എന്‍ജിനീയറിങ് കോളേജിലെ എസ്.എഫ്.ഐ. പ്രവര്ത്തകന് ധീരജിന്റെ കൊലപാതകത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സി.പി.എം. മൂവാറ്റുപുഴയില്‍ നടത്തിയ പ്രകടനത്തിലാണ് കോണ്‍ഗ്രസിന്റെ കൊടിമരവും ബോര്‍ഡുകളും മറ്റും തകര്‍ത്തത്.