ആലപ്പുഴ : ആംബുലന്‍സ് വിവാഹ വണ്ടിയാക്കി ദുരുപയോഗം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്ത് വാഹനം കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച കറ്റാനം വലിയപള്ളിയില്‍ നടന്ന വെട്ടിക്കോട്ട് സ്വദേശിയുടെ വിവാഹത്തിന് ശേഷമാണ് വരനും വധുവും ആംബുലന്‍സില്‍ വീട്ടിലേക്ക് പുറുപ്പെട്ടത്. വിവാഹ വണ്ടിയായി അലങ്കരിച്ചശേഷം അപായ സൈറനും മുഴക്കി അമിത വേഗതയിലാണ് വാഹനം പാഞ്ഞത്. ഈ യാത്രയും ആംബുലന്‍സില്‍ നിന്ന് ദമ്പതികൾ വീട്ടിലേക്ക് ഇറങ്ങിവരുന്നതു മടക്കമുള്ള വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ വിമര്‍ശനവും ശക്തമായി.ദൃശ്യം ശ്രദ്ധയില്‍പ്പെട്ട ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം മാവേലിക്കര എസ്. ആര്. ടി. ഒയിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എസ്. സുധി, സി. ബി. അജിത്ത് കുമാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഗുരുദാസ്, ഡ്രൈവര്‍ അനൂപ് എന്നിവരടങ്ങിയ സംഘം ആംബുലന്‍സ് കസ്റ്റഡിയിലെടുത്ത് നൂറനാട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.