കൊച്ചി : സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങൾക്ക് 30 മിനിട്ടിനുള്ളിൽ വായ്പ അനുവദിക്കുന്ന പോർട്ടൽ ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഫെഡറൽ ഇൻസ്റ്റാലോൺ ഡോട്ട് കോം എന്ന പേരിലുള്ള പോർട്ടലിൽ ആദായ നികുതി റിട്ടേണുകള്‍, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, ജിഎസ്ടി വിശദാംശങ്ങളുടെ ഓണ്‍ലൈന്‍ വേരിഫിക്കേഷന് എന്നിവ അപ്ലോഡ് ചെയ്യുന്നതിലൂടെ 30 മിനിറ്റിനുള്ളില്‍ ഡിജിറ്റലായി വായ്പ ലഭ്യമാവുന്നതാണ്. അര്‍ഹരായ വ്യക്തികള്‍ക്ക് നിലവില്‍ 50 ലക്ഷം രൂപ വരെയാണ് ഈ പ്ലാറ്റ്ഫോം വഴി വായ്പയായി ലഭിക്കുന്നത്.
പോർട്ടലിൽ നൽകുന്ന വിവരങ്ങളുടെ കൃത്യമായ വിശകലനത്തിലൂടെ അർഹമായ വായ്പാ തുക 30 മിനിറ്റിനകം കണ്ടെത്താന്‍ സാധിക്കുന്ന സങ്കീര്‍ണമായ സ്മാര്‍ട്ട് അനലിറ്റിക്സ് സംവിധാനമാണ് ഈ പ്ലാറ്റ്ഫോമില്‍ ഉപയോഗിച്ചിരിക്കുന്നത്. ബാങ്ക് ശാഖ സന്ദർശിക്കാതെ, വീട്ടില്‍ നിന്നു തന്നെ ബിസിനസ് വായ്പയ്ക്ക് അർഹത നേടാനാവുന്നു എന്നതാണ് പോർട്ടലിന്റെ പ്രധാന സവിശേഷത.
അനുയോജ്യമായ വായ്പാപദ്ധതി തെരഞ്ഞെടുത്ത് ആവശ്യമായ രേഖകൾ സമർപ്പിച്ചു കഴിഞ്ഞാല്‍ അർഹമായ തുകയ്ക്കുള്ള ഓഫര്‍ ലെറ്റര്‍ ലഭ്യമാവുന്നു. വായ്പയുമായി ബന്ധപ്പെട്ട കടലാസു പണികൾക്കു മാത്രമേ ഇടപാടുകാരൻ ബാങ്ക് ശാഖ സന്ദർശിക്കേണ്ടതുള്ളൂ. ഇടപാടുകാർക്കു സൗകര്യപ്രദമായ ഫെഡറൽ ബാങ്ക് ശാഖ വഴി തന്നെ വായ്പ ലഭ്യമാവുന്നു എന്നത് പോർട്ടലിന്റെ മറ്റൊരു സവിശേഷതയാണ്.