തമിഴ് നടൻ ചിമ്പുവിന് വേൽസ് യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്. സിനിമാ രംഗത്തെ വിശിഷ്ടമായ സേവനങ്ങൾക്കാണ് അംഗീകാരം. ചെന്നൈയിൽ വച്ചു നടന്ന ചടങ്ങില്‍ ചിമ്പുവിൻ്റെ മാതാപിതാക്കളും പങ്കെടുത്തു. എം ജി രാമചന്ദ്രൻ, ശിവാജി ഗണേശൻ, കമൽഹാസൻ, വിജയ്, വിക്രം തുടങ്ങിയ പ്രമുഖ നടന്മാർ മുമ്പ് ഈ അംഗീകാരത്തിന് അർഹരായിട്ടുണ്ട്.
“സിലംബരശൻ ടി ആറിൻ്റെ കഴിവുകൾക്കും സിനിമാ മേഖലയിലെ പ്രയത്നങ്ങൾക്കുമുള്ള അംഗീകാരമായി നടന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളുടെ നേട്ടങ്ങൾ ഗവേഷണം ചെയ്യുന്ന കമ്മിറ്റി അംഗങ്ങളുടെ ഒരു പാനലാണ് താരത്തെ അംഗീകാരത്തിന് അർഹനെന്ന് തീരുമാനിച്ചത്”- വെൽസ് യൂണിവേഴ്സിറ്റിയുടെ സ്ഥാപകനും ചെയർമാനുമായ ഡോ. ഇഷാരി കെ ഗണേഷ് പറഞ്ഞു.
വെൽസ് ഫിലിം ഇന്റർനാഷണൽ നിർമ്മിക്കുന്ന സിനിമയിൽ സിമ്പു ഭാഗമാണെന്നതുമായി ഈ അംഗീകാരത്തിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ‘വെന്ത് തനിന്തത് കാട്’ ആണ് ആരാധകർ കാത്തിരിക്കുന്ന ചിമ്പുവിൻ്റെ അടുത്ത സിനിമ. ചിമ്പുവിൻ്റെ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘മാനാട്’ തമിഴ്നാട്ടിൽ വലിയ ഹിറ്റായിരുന്നു. നടൻ്റെ കരിയറിലെ വലിയൊരു തിരിച്ചുവരവ് കൂടിയായിരുന്നു ‘മാനാട്’. കൈനിറയെ ചിത്രങ്ങളാണ് ചിമ്പുവിന്റേതായി ഇനി റിലീസിനൊരുങ്ങുന്നത്.