കൊച്ചി: പതിനാലു വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സാത്താൻ സേവ കേസിൽ നാല് പ്രതികൾക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. സൺഡേ സ്കൂൾ അധ്യാപിക അടക്കമുള്ള നാല് പ്രതികൾക്ക് എറണാകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
കേസിലെ ഒന്നാം പ്രതി കിഴക്കമ്പലം കോളനിപ്പടി ഭാഗം അറക്കൽ വീട്ടിൽ ദേവസ്സി മകൾ അനീഷയ്ക്ക് 32 വർഷം കഠിനതടവും 45000 രൂപ പിഴയും, രണ്ടാം പ്രതിയായ പട്ടിമറ്റം ചൂരക്കാട്ടുകര ഐമന കൂടി വീട്ടിൽ ലത്തീഫ് മകൻ 24 വയസ്സുള്ള ഹർഷാദ് എന്ന ബേസിൽ ന് 38 വർഷം കഠിനതടവും 70,000 രൂപ പിഴയും, മൂന്നാം പ്രതി കിഴക്കമ്പലം ആലിൻചുവട് ഭാഗം തടിയൻവീട്ടിൽ ജോയി മകൻ 24 വയസ്സുള്ള ജിബിൻന് 48 വർഷം കഠിനതടവും 90,000 രൂപ പിഴയും അഞ്ചാം പ്രതി തൃക്കാക്കര തേവക്കൽ കരയിൽ മീൻ കൊള്ളിൽ വീട്ടിൽ മാത്യു മകൻ 24 വയസ്സുള്ള ജോൺസ് മാത്യുവിന് 12 വർഷം കഠിനതടവും 20,000 രൂപ പിഴയ്ക്കുമാണ് എറണാകുളം പോക്സോ കോടതി ജഡ്ജി ശ്രീ. കെ. സോമൻ ശിക്ഷ വിധിച്ചത്.
2015 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഇരയുമായി പരിചയത്തിലായ സൺഡേ സ്കൂൾ അധ്യാപികയായ ഒന്നാംപ്രതി അനീഷ മറ്റുള്ള പ്രതികൾക്ക് കടമ്പ്രയാർ ഭാഗത്തുള ഒരു പൊളിഞ്ഞ കെട്ടിടത്തിൽ പെൺകുട്ടിയെ എത്തിച്ച് കാഴ്ചവെക്കുകയായിരുന്നു. പീഡനസമയത്ത് പകർത്തിയ ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി പെൺകുട്ടിയെ നിരവധിതവണ വീണ്ടും പ്രതികൾ ബലാൽസംഗം ചെയ്തു.
പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിൽ നിന്ന് കടത്തിക്കൊണ്ട് വന്നിരുന്നത് ഒന്നാം പ്രതിയായ അനീഷയായിരുന്നു. ഈ കേസ്സിലെ എല്ലാ പ്രതികളും സാത്താൻ സേവക്കാരായിരുന്നു എന്ന് പറയപ്പെടുന്നു. തുടക്കത്തിൽ സാത്താൻ സേവ കേസ്സ് എന്നായിരുന്നു ഈ കേസ്സ് കുപ്രസിദ്ധി നേടിയത്.
ഇതേ പെൺകുട്ടിയെ 2016 ശേഷമുള്ള കാലഘട്ടത്തിൽ പീഡിപ്പിച്ചതിന് ഇതേ പ്രതികൾക്കെതിരെ മൂന്നോളം കേസ്റ്റ് വിചാരണ തുടങ്ങാനിരിക്കുന്നുണ്ട്. പെൺകുട്ടിയുടെ പരാതിയിൽ തടിയിട്ട പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടറായിരുന്ന ജെ. കുര്യാക്കോസാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ പ്രതികൾക്കെതിരെ കുറ്റപത്രം നൽകിയത്. .പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ബിന്ദു ഹാജരായി.