പത്തനംതിട്ട: ഇടുക്കിയിലെ എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും സംഘർഷം. വിവിധ സ്ഥലങ്ങളിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കോൺഗ്രസിന്റെ കൊടിമരങ്ങൾ നശിപ്പിച്ചു.
എസ്.എഫ്.ഐ. പത്തനംതിട്ടയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംഘര്‍ഷമുണ്ടായി. മുസലിയാര്‍ കോളേജില്‍ പ്രകടനം നടത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കെ.എസ്.യുവിന്റെ കൊടിമരം നശിപ്പിച്ചു. തുടര്‍ന്ന് പോലീസും എസ്.എഫ്.ഐ. പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ഇന്ന് പത്തനംതിട്ടയിലെ വിവിധ കോളേജുകളില്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നു. പല കോളേജുകളിലും എസ്.എഫ്.ഐ. ആണ് വിജയിച്ചത്. മുസലിയാര്‍ കോളേജിലും എസ്.എഫ്.ഐയാണ് വിജയിച്ചത്. എന്നാല്‍ വിജയാഘോഷത്തിനു പകരം എസ്.എഫ്.ഐ. പ്രതിഷേധ പ്രകടനമാണ് നടത്തിയത്. ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
കെ.എസ്.യുവിനെതിരെ പ്രതിഷേധ പ്രകടനവുമായി കോളേജിനുള്ളില്‍നിന്ന് ഒരുസംഘം എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പുറത്തേക്ക് വരികയായിരുന്നു. തുടര്‍ന്ന് പുറത്തെത്തിയ വിദ്യാര്‍ഥികള്‍ അവിടെ ഉണ്ടായിരുന്ന കെ.എസ്.യുവിന്റെ കൊടിമരവും കൊടിയും നശിപ്പിക്കാന്‍ ശ്രമിച്ചു. ഇത് അവിടെ ക്യാമ്പ് ചെയ്തിരുന്ന പോലീസുകാര്‍ തടഞ്ഞു. ഇതോടെ പോലീസും എസ്.എഫ്.ഐ. പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
പോലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കിയതോടെ വിദ്യാര്‍ഥികള്‍ സ്ഥലത്തുനിന്ന് മടങ്ങി. നിലവില്‍ പ്രദേശത്ത് സംഘര്‍ഷ സാധ്യതയില്ല. പോലീസ് ഇവിടെ ക്യാമ്പ് ചെയ്യുന്നുമുണ്ട്.
പത്തനംതിട്ട നഗരത്തിൽ കുറച്ചുസമയം മുൻപാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രകടനം ആരംഭിച്ചത്. സെൻട്രൽ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം അബാൻ ജംഗ്ഷനിൽ എത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ മറ്റൊരു പ്രതിഷേധത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇന്ന് ഉച്ച മുതൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ കെഎസ്‌യുവിൻ്റെ കൊടിയും കൊടിമരങ്ങളുമൊക്കെ നശിപ്പിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം നടത്താനാണ് കോൺഗ്രസ് പ്രവർത്തകർ ഒത്തുകൂടിയത്. ഇരു കൂട്ടർക്കുമിടെയാണ് സംഘർഷമുണ്ടായത്.
മലപ്പുറത്ത് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിനിടെ കയ്യാങ്കളി. കെ സുധാകരൻ പങ്കെടുക്കുന്ന പരിപാടിയ്ക്ക് സമീപത്തുകൂടി കടന്നുപോകുമ്പോഴാണ് സംഭവമുണ്ടായത്. സുധാകരനെതിരേ മുദ്രാവാക്യം വിളിച്ചതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഇവിടേക്ക് എത്തിയതോടെ പരസ്പരം ഏറ്റുമുട്ടുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി.
പുനലൂരിലും കട്ടപ്പനയിലും കോൺഗ്രസിന്റെ കൊടിമരങ്ങൾ സിപിഎം പ്രവർത്തകർ നശിപ്പിച്ചു. ഒറ്റപ്പാലത്ത് കേരളാ ബാങ്കിന്റെ ശാഖയ്ക്ക് നേരെ കല്ലേറുണ്ടായി. കോൺഗ്രസ് പ്രവർത്തകരാണ് ഇതിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. പേരാന്പ്രയിൽ കോൺഗ്രസ് ഓഫീസിനു നേരെ കല്ലേറുമുണ്ടായി.