ദോഹ: 31ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള ജനുവരി 13 മുതല്‍ ദോഹ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററി (ഡി.ഇ.സി.സി)ല്‍ ആരംഭിക്കും. ‘അറിവാണ് വെളിച്ചം’ എന്ന തലക്കെട്ടില്‍ ഖത്തര്‍ കള്‍ചറല്‍ ആന്‍ഡ് ഹെറിറ്റേജ് ഇവന്റ്സ് സെന്ററുമായി സഹകരിച്ച് സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇത്തവണ 37 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.ഇതാദ്യമായാണ് ഇത്തരത്തിലുള്ള ഒരു പുസ്തകമേള ഖത്തറില്‍ നടക്കുന്നത്
ജനുവരി 22ന് നടക്കുന്ന മേളയില്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി 10വരെയാണ് പ്രവേശനം. വെള്ളിയാഴ്ചകളില്‍ വൈകീട്ട് മൂന്നു മുതല്‍ രാത്രി 10 വരെയായിരിക്കും പ്രവേശനം. 37 രാജ്യങ്ങളില്‍നിന്നുള്ള 430 പ്രസാധകരും 90 ഏജന്‍സികളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഷകളിലായി വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പുസ്തകങ്ങള്‍ പ്രദര്‍ശനത്തിനെത്തും.
രാജ്യത്തെ വിജ്ഞാനകുതുകികളും ചിന്തകരും വലിയ പ്രതീക്ഷയോടെയാണ് പുസ്തകമേളയെ കാത്തിരിക്കുന്നത്. സമൂഹത്തിലെ എല്ലാ പ്രായക്കാരെയും പരിഗണിച്ച് വൈവിധ്യമാര്‍ന്ന ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങള്‍ ഇത്തവണ മേളയിലുണ്ടെന്ന് ദോഹ അന്താരാഷ്ട്ര പുസ്തകമേള ഡയറക്ടര്‍ ജാസിം അല്‍ ബൂഐനൈന്‍ പറഞ്ഞു.രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇത്തവണ പുസ്തകമേളയിലുണ്ടാകുമെന്നും വൈവിധ്യമാര്‍ന്ന ശില്പശാലകളും സാംസ്കാരിക പരിപാടികളും മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേളയില്‍ പങ്കെടുക്കാനെത്തുന്ന പ്രസിദ്ധീകരണാലയങ്ങള്ക്ക് കസ്റ്റംസ് ക്ലിയറന്‍സ്, വിവിധ ഫീസുകളില്‍ ഇളവ് തുടങ്ങിയവയില്‍ സാംസ്കാരിക മന്ത്രാലയത്തിന്റെ പിന്തുണയുണ്ടാകും. ഇത്തവണ അമേരിക്കയില്‍നിന്നുള്ള പ്രസിദ്ധീകരണാലയങ്ങളുടെ സാന്നിധ്യമാണ് ശ്രദ്ധേയം. ഇതാദ്യമായാണ് അമേരിക്കന്‍ പ്രസിദ്ധീകരണാലയങ്ങള്‍ ദോഹ അന്താരാഷ്ട്ര പുസ്തകമേളയില്‍ പങ്കെടുക്കുന്നത്. കുട്ടികള്‍ക്കായി പ്രത്യേക പ്രദര്‍ശനവും വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഇറ്റാലിയന്‍ എംബസിയും ഇത്തവണ പുസ്തകമേളയിലുണ്ട്.