ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകൻ്റെ കൊലപാതകം അപലപനീയമെന്ന് മന്ത്രി ആര് ബിന്ദു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിൻ്റെ ദിശമാറ്റത്തിൻ്റെ സൂചനയാണ് കൊലപാതകം. കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥിയുടെ മരണത്തിലേക്ക് നയിക്കുന്ന വിധത്തിലുള്ള ആക്രമണം നടന്നത് സങ്കടകരവും പ്രതിഷേധാര്‍ഹവുമാണ്. ക്യാമ്പസില്‍ ചോര വീഴുകയെന്നത് വളരെ അപലപനീയമാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കേണ്ടതുണ്ട്. സംഘടനാപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഹിംസാത്മകമായ ഭാഷയില്‍ കൈകാര്യം ചെയ്യേണ്ടതല്ലെന്നും മന്ത്രി പറഞ്ഞു.
പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരമെന്നും മന്ത്രി പറഞ്ഞു. കോളജ് യൂണിയന് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ കണ്ണൂര്‍ സ്വദേശിയും എസ്എഫ്ഐ വർത്തകനുമായ ധീരജാണ് മരിച്ചത്. ഏഴാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് ധീരജ്.
ധീരജിനെ കുത്തിയവര്‍ ഓടി രക്ഷപ്പെട്ടു. മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാള്‍ക്കും കുത്തേറ്റിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിനുപിന്നിൽ കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് എസ്എഫ്ഐ ആരോപിക്കുന്നത്.