തുടര്‍ച്ചയായി മൂന്നുമാസം ഓഹരികള്‍ വിറ്റൊഴിയുക മാത്രം ചെയ്തിരുന്ന വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ജനുവരിയില്‍ വാങ്ങലുകാരായി.രാജ്യത്തെ സമ്ബദ്ഘടന തിരിച്ചുവരവിന്റെ പാതയിലാണെന്ന സൂചന നല്കി ജിഎസ്ടി വരുമാനം ഒരുലക്ഷം കോടിക്കുമുകളില്‍ തുടരുന്നതും പിഎംഐ സൂചിക 50നുമുകളിലായതും വിദേശ നിക്ഷേപകരെ ആകര്‍ഷിച്ചു. ഒമിക്രോണ്‍ രാജ്യത്തെ എപ്രകാരം ബാധിക്കുമെന്നതും മൂന്നാം പാദഫലങ്ങളും വരാനിരിക്കുന്ന ബജറ്റുമൊക്കെയാണ് ഇനി വിദേശ നിക്ഷേപകരെ സ്വാധീനിക്കുക.
നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി(എന്എസ്ഡിഎല്)യുടെ കണക്കുപ്രകാരം ജനുവരിയില്‍ ഇതുവരെ 2,568 കോടി രൂപയുടെ നിക്ഷേപമാണ് ഇവര്‍ നടത്തിയത്. അതിനുമുമ്പ് മൂന്നുമാസംകൊണ്ട് 35,984 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിയുകയാണ് ചെയ്തത്.
രാജ്യത്തെ സൂചികകള്‍ എക്കാലത്തെയും റെക്കോഡ് ഉയരത്തിലെത്തിയ ഒക്ടോബറിനുശേഷമാണ് വിദേശികള്‍ നിക്ഷേപതന്ത്രംമാറ്റിയത്. ഒമിക്രോണ്‍ ഭീതിയില്‍ രാജ്യത്തെ വിപണിയില്‍ വില്പന സമ്മര്‍ദംനേരിട്ടപ്പോഴായിരുന്നു ഘട്ടംഘട്ടമായി വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്. രാജ്യം ഒമിക്രോണിനെ അതിജീവിക്കുമെന്ന വിലയിരുത്തലാണ് വിദേശ നിക്ഷേപകരെ ആകര്‍ഷിച്ചത്.