യാങ്കൂണ്‍: മ്യാൻമറിൽ പട്ടാളം പുറത്താക്കിയ ജനകീയ നേതാവ് ഓങ് സാൻ സൂചിയെ പ്രത്യേക കോടതി 4 വർഷം തടവിനു ശിക്ഷിച്ചു. ചട്ടം ലംഘിച്ച് ഇറക്കുമതി ചെയ്ത വോക്കി ടോക്കിയും സിഗ്നല്‍ ജാമറും കൈവശം വച്ചെന്നതും കോവിഡ് ചട്ടം ലംഘിച്ചെന്നതുമാണ് കുറ്റങ്ങൾ. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പട്ടാളം അധികാരം പിടിച്ചതിനുശേഷം സൂചിക്കെതിരെ ചുമത്തിയ ഒട്ടേറെ കേസുകളിൽ രണ്ടാമത്തെ വിധിയാണിത്.
ആദ്യവിധിയില്‍ നാലുവര്‍ഷം ശിക്ഷിച്ചെങ്കിലും രണ്ടു വര്‍ഷം തടവായി പട്ടാള ഭരണകൂടം ഇളവ് നല്‍കിയിരുന്നു. ഇപ്പോള്‍ ചുമത്തപ്പെട്ട എല്ലാ കേസുകളിലും ശിക്ഷിക്കപ്പെട്ടാൽ, സമാധാന നൊബേൽ ജേതാവായ സൂചിക്കു 100 വർഷത്തിലേറെ ജയിലിൽ കഴിയേണ്ടിവരാം. അജ്ഞാത കേന്ദ്രത്തിലാണു സൂചിയെ തടവിലാക്കിയിരിക്കുന്നത്.
സൈനിക ഭരണകൂടത്തിനെതിരേ ജനവികാരം ഇളക്കിവിട്ടു എന്നാരോപിചാണ് കഴിഞ്ഞ മാസം സൂചിയെ നാലു വര്‍ഷം തടവിന് ശിക്ഷിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും നാല് വര്‍ഷം തടവു ശിക്ഷ വിധിച്ചത്. 2021 ഫെബ്രുവരി ഒന്നിന് പട്ടാള അട്ടിമറിയിലൂടെയാണ് സൂചിക്ക് ഭരണം നഷ്ടമായത്. തുടര്‍ന്ന് സൂചിയേയും പ്രസിഡന്റ് വിന് മിന്‍ടൂവിനേയും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ളവരെ തടവിലാക്കുകയും ചെയ്തു.
83% വോട്ടുകള്‍ നേടി സൂചിയുടെ കക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) വന്‍ വിജയം നേടിയ 2020 നവംബര്‍ എട്ടിലെ പൊതുതിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി ആരോപിച്ചാണ് പട്ടാളം ഭരണം പിടിച്ചത്. പട്ടാളത്തിൻ്റെ പിന്തുണയുള്ള യൂണിയന് സോളിഡാരിറ്റി, ഡവലപ്മെന്റ് പാര്‍ട്ടി എന്നിവയ്ക്ക് 476 സീറ്റില്‍ ആകെ 33 സീറ്റു മാത്രമാണ് ലഭിച്ചിരുന്നത്.