തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമായ പശ്ചാത്തലത്തിൽ സുപ്രധാന തീരുമാനങ്ങൾ ഒന്നും കൈക്കൊള്ളാതെ അവലോകന യോഗം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്കൂളുകള്‍ ഉടൻ അടക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന് ഉൾപ്പെടെ പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
വാരാന്ത്യ, രാത്രികാല കര്‍ഫ്യൂവും തല്ക്കാലം ഇല്ല. സ്കൂളുകള്‍ അടയ്ക്കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത യോഗത്തിലേക്കു മാറ്റി. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി കുറച്ചു. ഇതനുസരിച്ച് അടച്ചിട്ട മുറികളിൽ പരമാവധി 50 പേർ, തുറസ്സായ സ്ഥലങ്ങളിൽ പരമാവധി 150 പേർ എന്നിങ്ങനെ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.
വളരെ കാലത്തിന് ശേഷം കഴിഞ്ഞ ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിൽ എത്തിയിരുന്നു. പൊതു, സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം കര്‍ക്കശമാക്കാന്‍ യോഗം തീരുമാനിച്ചു. ഓഫിസുകളുടെ പ്രവര്‍ത്തനം പരമാവധി ഓണ്‍ലൈന്‍ ആക്കണമെന്നും യോഗം നിര്‍ദേശിച്ചു. കോവിഡ് വ്യാപനത്തിൻ്റെ തോത് വിലയിരുത്തി കൂടുതല്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് അടുത്ത യോഗത്തില്‍ തീരുമാനമെടുക്കും.
കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ സ്കൂളുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം കൊണ്ടുവരുന്ന കാര്യം യോഗം ചര്‍ച്ച ചെയ്തു. ഇതിനായി വിദ്യാഭ്യാസ മന്ത്രിയെ യോഗത്തിലേക്കു വിളിപ്പിച്ചിരുന്നു. തല്ക്കാലം നിയന്ത്രണം വേണ്ടെന്നും അടുത്ത യോഗത്തില്‍ വിശദമായ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനുമാണ് ധാരണയായത്.