കൊച്ചി: ഇരയാക്കപ്പെടലിൽ നിന്ന് അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന് ആക്രമിക്കപ്പെട്ട നടി. തനിക്ക് വേണ്ടി ഇത്രയും ശബ്ദങ്ങൾ ഉയരുമ്പോൾ തനിച്ചല്ലെന്ന് തോന്നുന്നു. തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായതായി നടി പ്രതികരിച്ചു. കേസിൽ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായതിന് ശേഷം ആദ്യമായാണ് നടിയുടെ പ്രതികരണം.
5 വർഷമായി തൻ്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. തനിക്കു വേണ്ടി സംസാരിക്കുന്നവർക്കും പിന്തുണയ്ക്കുന്നവർക്കും തൻ്റെ ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ താരം നന്ദി പറഞ്ഞു. നീതി പുലരാനും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും താൻ ഈ യാത്ര തുടരുമെന്നും താരം കൂട്ടിച്ചേർച്ചു.
നടിയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്:
‘ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വർഷമായി എൻ്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്.
എന്നാൽ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടുവന്നു. എനിക്കു വേണ്ടി സംസാരിക്കാൻ, എൻ്റെ ശബ്ദം നിലക്കാതിരിക്കാൻ. ഇന്ന് എനിക്കു വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്ന് കൊണ്ടേയിരിക്കും. കൂടെനിൽക്കുന്ന എല്ലാവരുടേയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി’.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സാക്ഷി ജിന്‍സനുമായുള്ള പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. സംവിധായകന് ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി ഓഡിയോയില്‍ പറയുന്നു. ബാലചന്ദ്രകുമാറിൻ്റെ ആരോപണങ്ങളെ കുറിച്ചും ജിന്‍സനോട് പള്‍സര്‍ സുനി ചോദിച്ചതായും ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാകും. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു സാക്ഷിയായ ജിന്സന്. ഫോണ്‍ സംഭാഷണത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങി.