ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തില്‍ കൊവിഡ് വാക്സീനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലാണ് നടപടി.
ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10 നും മാർച്ച് 7 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഇന്നലെ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഈ സാഹചര്യത്തിലാണ് വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ഫോട്ടോ നീക്കുന്നത്.
വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്ന് നരേന്ദ്രമോദിയുടെ ഫോട്ടോ ഒഴിവാക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കൊവിൻ ആപ്പ് പ്ലാറ്റ്ഫോമിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും.
ഫെബ്രുവരി പത്തുമുതൽ ഏഴു ഘട്ടങ്ങളായാണ് യുപിയിൽ വോട്ടെടുപ്പ് നടക്കുക. പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും ഫെബ്രുവരി പതിനാലിന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കും. മണിപ്പൂരിലെ വോട്ടെടുപ്പ് ഫെബ്രുവരി 27, മാർച്ച് മൂന്ന് തീയതികളിൽ രണ്ടു ഘട്ടമായി നടത്തും. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.