പാലക്കാട്: പാലക്കാട് ഉമ്മിനിയിൽ വീട്ടിൽ നിന്നും പുലിക്കുട്ടികളെ കണ്ടെത്തി. പൂട്ടിയിട്ട വീട്ടിൽ നിന്നാണ് പുലിക്കുട്ടികളെ കണ്ടെത്തിയത്. പുലിക്കുഞ്ഞുങ്ങളെ വനം വകുപ്പ് ഓഫീസിലേക്ക് മാറ്റി.
15 വർഷമായി ആൾത്താമസമില്ലാത്ത വീട്ടിലാണ് പുലിയുടെ സാന്നിധ്യമുണ്ടായിരിക്കുന്നത്. ഗുജറാത്തിൽ സ്ഥിര താമസമാക്കിയ മാധവൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. പ്രദേശവാസിയായ പൊന്നൻ എന്നയാളെ വീട് നോക്കാൻ ഏൽപ്പിച്ചിരുന്നു. രാവിലെ പൊന്നൻ എത്തിയപ്പോൾ വീടിനുള്ളിൽ ശബ്ദം കേട്ടു. നായയാണെന്ന് കരുതി ജനലിൽ തട്ടിയതോടെ തള്ളപ്പുലി ഇറങ്ങിയോടിയെന്ന് പൊന്നൻ പറഞ്ഞു.
പിന്നീട് നാട്ടുകാരെയും വനംവകുപ്പിനെയും വിവരമറിയിച്ച് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും തള്ളപ്പുലിയെ കണ്ടെത്താനായില്ല.
കുഞ്ഞുങ്ങൾ ഉള്ളതിനാൽ പുലി വീണ്ടും എത്തുമെന്നാണ് കരുതുന്നത്. അതിനാൽ രാത്രി കൂടൊരുക്കി പുലിയെ പിടിക്കാമെന്ന ധാരണയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. കാമറ ട്രാപ്പ് ഉപയോഗിച്ച് മേഖല നിരീക്ഷിക്കും. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം രാത്രിയും മേഖലയില്‍ ക്യാമ്പ് ചെയ്യും.