കൊച്ചി: നടൻ ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്ത് ക്രൈം ബ്രാഞ്ച്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ പദ്ധതിയിട്ടെന്നാണ് കേസ്. എസ് പി കെ സുദർശൻ്റെ കൈവെട്ടണമെന്ന ദിലീപിൻ്റെ പരാമർശത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംവിധായകൻ ബാലചന്ദ്ര കുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.
ദിലീപ്, സഹോദരൻ അനൂപ് അടക്കം ആറു പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂനിറ്റ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപ്, വീട്ടിൽവെച്ച് സഹോദരൻ അടക്കമുള്ളവരോട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞതായി ബാലചന്ദ്രകുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഈ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ബാലചന്ദ്രകുമാർ ആവർത്തിക്കുകയും ചെയ്തു. ശബ്ദരേഖയും ഫോൺ റെക്കോഡുകളും അടക്കം തെളിവായി ശേഖരിച്ചാണ് ക്രൈംബ്രാഞ്ച് നടപടി. നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ദ്രുതഗതിയിലാക്കാൻ പോലീസ് തീരുമാനിച്ചിരുന്നു.
ബാലചന്ദ്രകുമാർ, പ്രതികളായ പൾസർ സുനി, നടൻ ദിലീപ്, വിജീഷ് എന്നിവരെ വൈകാതെ ചോദ്യം ചെയ്യും. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാൻ അനുമതി തേടി ഉടൻ കോടതിയിൽ അപേക്ഷ നൽകും. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിൻ്റെ കൈവശമുണ്ടെന്ന ആരോപണത്തിൽ അന്വേഷണം കേന്ദ്രീകരിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.