ന്യൂഡൽഹി: രാജ്യത്തെ മുസ്ലിം സ്ത്രീകളെ ഓൺലൈനിൽ ‘വിൽപനക്ക് വെച്ചിരുന്ന’ സുള്ളി ഡീൽസ് ആപ്പിന്റെ മുഖ്യസൂത്രധാരനെ ഡൽഹി പോലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തു. ബിസിഎ വിദ്യാർഥിയായ ഓംകാരേശ്വർ ഠാക്കൂറാണ് (25) പിടിയിലായത്. സുള്ളി ഡീല്‍സ് ആപ്പ് കേസിലെ ആദ്യ അറസ്റ്റാണ് ഇത്.
മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച് ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് വെച്ച മറ്റൊരു ആപ്ലിക്കേഷന്‍ ബുള്ളി ബായിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബുള്ളി ബായ് ആപ്പ് നിര്‍മ്മാതാവ് നീരജ് ബിഷ്ണോയ് നല്കിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് ഓംകാരേശ്വറിനെ പിടികൂടിയത്. രണ്ടു കേസുകളിലുമായി ഇതുവരെ അറസ്റ്റിലായിരിക്കുന്നവര്‍ എല്ലാവരുംതന്നെ വിദ്യാര്‍ത്ഥികളാണ്.
2021 ജൂലൈയിൽ ഗിറ്റ്ഹബ് പ്ലാറ്റ്ഫോമിൽ സുള്ളി ഡീൽസ് ആപ്പുണ്ടാക്കിയത് താനാണെന്ന് ഓംകേശ്വർ പോലീസിനോട് സമ്മതിച്ചു. കേസിൽ കൂടുതൽ പേർക്ക് പങ്കുള്ളതായും അദ്ദേഹം വെളിപ്പെടുത്തി. ഭോപാലിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയായ നീരജ് ബിഷ്ണോയ് ആണ് ഗിറ്റ്ഹബ് പ്ലാറ്റ്ഫോമിൽ ബുള്ളി ബായ് ആപ്പ് നിർമിച്ചതിന്റെ മുഖ്യസൂത്രധാരൻ.
ബുള്ളി ബായ് കേസിലെ മുഖ്യപ്രതി നീരജ് ബിഷ്ണോയ് വെബ്സൈറ്റുകള്‍ സ്ഥിരമായി ഹാക്ക് ചെയ്യുന്ന ഹാക്കറാണെന്ന് മുംബൈ പോലീസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരിക്കുന്നു. പതിനഞ്ച് വയസ്സ് മുതല്‍ ഹാക്കിങ് ചെയ്തുവരുന്നതായി ഇയാള്‍ സമ്മതിച്ചതായും മുംബൈ പോലീസ് വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് നീരജ് ബിഷ്ണോയെ പോലീസ് അറസ്റ്റ് ചെയ്തത്.
ബെംഗളൂരു സ്വദേശിയായ വിശാല്‍ കുമാര്‍ (21), ഉത്തരാഖണ്ഡ് സ്വദേശിനിയായ ശ്വേത സിങ് (18)എന്നിവരാണ് നീരജിനെക്കൂടാതെ അറസ്റ്റിലായ മറ്റുള്ളവര്‍. കേസില്‍ ഇനിയും പ്രതികള്‍ അറസ്റ്റിലാകാനുണ്ട് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇന്ത്യയിലെയും പാകിസ്ഥാനിലെയും നിരവധി കോളജുകളുടെയും സ്കൂളുകളുടെയും വെബ്സൈറ്റുകള്‍ നീരജ് ഹാക്ക് ചെയ്തിട്ടുണ്ട്. സമാന രീതിയില്‍ മുസ്ലിം യുവതികളെ അധിക്ഷേപിച്ച സുള്ളി ഡീല്‍സ് ട്വിറ്റര്‍ ഹാന്റില്‍ കൈകാര്യം ചെയിതിരുന്നവരുമായി തനിക്ക് ബന്ധമുണ്ടെന്നും നീരജ് സമ്മതിച്ചിട്ടുണ്ട്.
കസ്റ്റഡിയില്‍ ഇയാള്‍ സ്വയം ആക്രമിച്ച് മുറിവുണ്ടാക്കാന്‍ ശ്രമിച്ചതായും ആത്മഹത്യ ഭീഷണി മുഴക്കിയതായും പോലീസ് പറഞ്ഞു. കേസില്‍ അറസ്റ്റിലായ ശ്വേത സിങ് നേപ്പാളില്‍ നിന്നുള്ള ഒരാളുടെ നിര്‍ദേശം അനുസരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവരാണ് ബുള്ളി ബായ് ആപ്പിന് വേണ്ടി ട്വിറ്റര്‍ അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തത്. പ്ലസ് ടു പരീക്ഷ പാസ്സായി നില്ക്കുന്ന ശ്വേത, എഞ്ചിനീയറിങ് പ്രവേശനത്തിന് കാത്തിരിക്കെയാണ് സംഘത്തിനൊപ്പം ചേര്‍ന്നത്.