മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് മൂന്നാം തരംഗം അതിരൂക്ഷമാവുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 41434 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തോട് അടുത്തു. രാത്രികാല കർഫ്യൂ അടക്കം സംസ്ഥാനത്ത് നാളെ മുതൽ നിയന്ത്രണങ്ങൾ കടുക്കും.
സംസ്ഥാനത്തെ പ്രതിദിന രോഗികളിൽ പാതിയും മുംബൈയിൽ നിന്നാണ്. തുടർച്ചയായ മൂന്നാം ദിനവും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് രോഗികളുടെ എണ്ണം 20000 കടന്നു. സമ്പൂർണ ലോക്ഡൗൺ അവസാന മാർഗമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ മറ്റ് നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. രാത്രി കർഫ്യൂ നാളെ മുതൽ കർശനമായി നടപ്പാക്കും. 10,12 ക്ലാസുകൾ ഒഴികെ സ്കൂളുകളും കോളേജുകളും ഫെബ്രുവരി 15വരെ അടച്ചിട്ടും. പാർക്കുകൾ,മ്യൂസിയങ്ങൾ,ടൂറിസ്റ്റ് കേന്ദ്രങ്ങൾ,ജിം,സ്വിമ്മിംഗ് പൂളുകൾ തുടങ്ങിയവയും അടയ്ക്കും. സ്വകാര്യ സ്ഥാപനങ്ങളോട് വർക്ക് ഫ്രം ഹോമിലേക്ക് മാറാനോ ഓഫീസിലെ ഹാജർ 50 ശതമാനമാക്കാനോ ആവശ്യപ്പെട്ടു.