കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രി ഖാലിദ് അല്‍ സഈദിന് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മന്ത്രി ഇപ്പോള്‍ ഐസൊലേഷനിലാണെന്നും എന്നാല്‍ അദ്ദേഹം ചികിത്സയിലിരിക്കെത്തന്നെ തന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം രാജ്യത്ത് അടുത്തിടെയുണ്ടായ വലിയ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണോ കര്‍ഫ്യൂവോ ഏര്‍പ്പെടുത്താന്‍ പദ്ധതികളൊന്നുമില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച 2820 പേര്‍ക്കാണ് കുവൈത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 313 പേര് രോഗമുക്തരാവുകയും രണ്ട് പേര് മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഇപ്പോള്‍ 15,140 കൊവിഡ് രോഗികളുണ്ടെങ്കിലും അവരില്‍ തീവ്ര പരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത് 12 പേര് മാത്രമാണ്. ഇവര്‍ക്ക് പുറമെ 87 പേര് ആശുപത്രി വാര്‍ഡുകളിലുമുണ്ട്.