അമൃത്സർ: പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ സന്ദർശനത്തിലുണ്ടായ സുരക്ഷ വീഴ്ച്ചയെ തുടര്‍ന്ന് പൊലീസ് മേധാവിയെ മാറ്റി പഞ്ചാബ് സർക്കാർ. നിലവിലെ പൊലീസ് മേധാവി സിദ്ധാർഥ് ചതോപാധ്യായയെയാണ് മാറ്റിയത്. സംസ്ഥാനത്തിന്റെ പുതിയ ഡിജിപിയായി വിരേഷ് കുമാർ ഭാവ്രയെ നിയമിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിലുണ്ടായ സുരക്ഷ വീഴ്ച്ചയിൽ ഡിജിപി ക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അദ്ദേഹത്തിനെതിരെ കേന്ദ്രസർക്കാരിൽ നിന്നും കൂടുതൽ അന്വേഷണം നടക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനിടെയാണ് പഞ്ചാബ് സർക്കാരിൻ്റെ നീക്കം.
അതേസമയം, പ്രധാന മന്ത്രിക്ക് പഞ്ചാബിൽ ഒരു ഭീഷണിയുമില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി പറഞ്ഞു. പ്രധാനമന്ത്രിയുടെ അടുത്തേക്ക് സുരക്ഷാ ഭീഷണി ഉയർത്തി ആരും വരില്ല, നരേന്ദ്ര മോദി പഞ്ചാബിൽ സുരക്ഷിതനാണെന്നും പ്രിയങ്ക ഗാന്ധിയോടും , രാഹുൽ ഗാന്ധിയോടും സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചുവെന്നും ചരൺജിത് സിംഗ് ചന്നി പറഞ്ഞു.