കൊച്ചി: കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി സർവീസ് ഉടൻ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സംസ്ഥാന ബജറ്റിൽ ഇത് സംബന്ധിച്ച് കൂടുതൽ പ്രഖ്യാപനമുണ്ടാകും. സ്പോൺസർഷിപ്പിന്റെ കൂടി അടിസ്ഥാനത്തിൽ കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്തു.
ബസ് സർവീസ് ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലും മലയോര മേഖലകളിലും കെഎസ്ആർടിസി തുടങ്ങാനിരിക്കുന്ന സർവീസാണ് ഗ്രാമവണ്ടി. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആവശ്യം അനുസരിച്ചായിരിക്കും ഗ്രാമവണ്ടികൾ അനുവദിക്കുക. സർവീസിനുള്ള ഇന്ധനചെലവ് തദ്ദേശഭരണ സ്ഥാപനങ്ങൾ വഹിക്കണം.
ഗ്രാമവണ്ടിയ്ക്ക് സമാനമായ ബസ് സർവീസാണ് കൊച്ചി കളശ്ശേരി മെഡിക്കൽ കോളേജിലേക്ക് കെഎസ്ആർടിസി ആരംഭിച്ചത്. ഇവിടേക്ക് ഷട്ടിൽ സർവീസ് വേണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. 10 രൂപയാണ് എച്ച്എംടി ജംഗ്ഷനിൽ നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള ബസ് ചാർജ്. മെഡിക്കൽ കോളേജ് പിടിഎ ഒരു ലക്ഷം രൂപ സർവീസിനായി സ്പോൺസർ ചെയ്തു. ഇതിലൂടെ 10,000 പേർക്ക് സൗജന്യ യാത്ര നൽകും. ഇത് വേണ്ടാത്തവർക്ക് ടിക്കറ്റെടുത്തും യാത്ര ചെയ്യാം.