ഷാര്‍ജ: മൂന്ന് ദിവസത്തെ വാരാന്ത അവധിയുടെ ആദ്യ വെള്ളിയില്‍ ഷാര്‍ജയുടെ എല്ലാ വിനോദമേഖലകളിലും വന്‍ തിരക്ക്.അവധി കണക്കിലെടുത്ത് വടക്ക്-കിഴക്കന്‍ ഉപനഗരങ്ങളിലേക്ക് യാത്ര പോയവരും നിരവധിയാണ്. മരുഭൂമിയില്‍ രാത്രി സഞ്ചാരവും തീരമേഖലകളില്‍ ചൂണ്ടലിടാനും അല്‍ മജാസിലെ ഈന്തപ്പനക്കാട്ടില്‍ വിശ്രമിക്കാനും നിരവധി പേരാണ് എത്തികൊണ്ടിരിക്കുന്നത്.
പരമ്പരാഗത ഗ്രാമങ്ങളിലും എക്സ്പോഷര്‍ പ്രദര്‍ശനം കാണാനും മ്യൂസിയങ്ങളിലെ വിസ്മയങ്ങള്‍ കാണാനും മറായ ആര്‍ട്സ് സെന്ററിലെ ബിനാലെ ചന്തം ആസ്വദിക്കാനും മഴമുറിയിലെ നനയാത്ത മഴ കൊള്ളാനും സന്ദര്‍ശകര്‍ ഒഴുകിയെത്തി.
മംസാര്‍ തടാകത്തിലെ ജെറ്റ്സ്കീയില്‍ പറപറക്കാനും ഖാലിദ് തടാകത്തിലെ ജലധാരക്കൊപ്പം നൃത്തം വെക്കാനും അല്‍ മുന്തസ പാര്‍ക്കിലെ ജലകേളികളില്‍ തിമര്‍ക്കാനും തിരക്കോട് തിരക്ക് തന്നെ. അല്‍ ജുബൈല്‍ മാര്‍ക്കറ്റിലും റോളയിലും കച്ചവട തിരക്ക് ആവോളം ഉണ്ടായിരുന്നു. ഷാര്‍ജ കോര്‍ണിഷിലും പണി പൂര്‍ത്തിയായ അല്‍ ഫിഷ്ത്തിലും തിരക്കായിരുന്നു.