കൊച്ചി: കോന്നി എം.എൽ.എ.യുടെ ഭാര്യയ്ക്ക് സഹകരണബാങ്കിൽ അനധികൃത നിയമനം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി.കോന്നി എം.എൽ.എ. കെ.യു. ജനീഷ് കുമാറിന്റെ ഭാര്യയ്ക്ക് സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ അനധികൃത നിയമനം നൽകിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി.ഭരണസമിതിയംഗമായ സി.കെ. പുരുഷോത്തമൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്.
ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച് ഡെപ്യൂട്ടി രജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ടിൽ നൈറ്റ് വാച്ച്മാനെ നിയമിച്ചത് അംഗീകൃത സ്റ്റാഫ് പാറ്റേൺ അനുസരിച്ചല്ലെന്നും ജനീഷ് കുമാർ എം.എൽ.എ.യുടെ ഭാര്യയ്ക്ക് പ്യൂൺ തസ്തികയിൽ നിയമനം നൽകിയത് ചട്ടവും സർക്കാർ സർക്കുലറും പാലിക്കാതെയാണെന്നും പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് ജോയന്റ് രജിസ്ട്രാർ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ, ജനീഷ് കുമാർ എം.എൽ.എ.യുടെ ഭാര്യയ്ക്ക് നിയമനം നൽകിയത് അന്വേഷിക്കേണ്ടതില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.പ്യൂൺ നിയമനത്തെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നതിന് 2018-ൽ അന്വേഷണം നടത്തിയതാണെന്നും അതിനാൽ വീണ്ടും അന്വേഷണം ആവശ്യമില്ലെന്നുമാണ് ജോയന്റ് രജിസ്ട്രാർ മറുപടിനൽകിയത്. തുടർന്നാണ് പ്യൂൺ നിയമനത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്.