ബാങ്കോക്ക്: ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്താനൊരുങ്ങി തായ്ലാൻഡ്. യാത്രക്കാർക്ക് ക്വാറന്റീൻ ഒഴിവാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കുമെന്നും കോവിഡ് ടാസ്ക് ഫോഴ്സ് അറിയിച്ചു.രോഗവ്യാപനം തടയാൻ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്വാറന്റീൻ ഇല്ലാത്ത വിസയിനത്തിലെ പുതിയ അപേക്ഷകൾക്ക് അംഗീകാരം ലഭിക്കില്ലെന്ന് കോവിഡ് ടാസ്ക്ഫോഴ്സ് വക്താവ് തവീസിൻ വിസാനുയോതിൻ പറഞ്ഞു.
നിലവിലെ അപേക്ഷകർക്ക് ജനുവരി 15 വരെ ക്വാറന്റൈൻ ഇല്ലാതെ തായ്ലൻഡിലേക്ക് പ്രവേശിക്കാം. സ്ഥിതിഗതികൾ മെച്ചപ്പെടുകയാണെങ്കിൽ നിലവിലെ നിയന്ത്രണങ്ങൾക്ക് മാറ്റം വരുത്താനാകും. ഒമിക്രോണിനെക്കുറിച്ച് സമഗ്രമായ പഠനം നടത്തണമെന്നും ടാസ്ക്ഫോഴ്സ് വക്താവ് തവീസിൻ വിസാനുയോതിൻ പറഞ്ഞു.അതേസമയം, ഹൈറിസ്ക് മേഖലകളായി പ്രഖ്യാപിച്ച എട്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശന വിലക്ക് ജനുവരി 11ന് തായ്ലാൻഡ് നീക്കും.