തൊടുപുഴ: കുസൃതി കാണിക്കുന്നതിന്റെ പേരിൽ അഞ്ച് വയസുകാരന്റെ ഉള്ളം കാലിൽ പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. തമിഴ്നാട് സ്വദേശിയായ സ്ത്രീ പേത്തൊട്ടിയിൽ സ്ഥിര താമസക്കാരിയായ തോട്ടം തൊഴിലാളിയാണ്.
ഇടുക്കി ശാന്തൻപാറയിലാണ് സംഭവം. തുടർച്ചയായി കുട്ടി കുസൃതി കാണിക്കുന്നു എന്നു പറഞ്ഞ് ഉള്ളം കാലിലും ഇടുപ്പിലും പൊള്ളിക്കുകയായിരുന്നുവെന്നാണ് പുറത്തു വന്ന റിപ്പോർട്ട്. കുട്ടിയുടെ ശരീരത്തിൽ നാല് ഭാഗത്തായി പൊളളലേറ്റിട്ടുണ്ട്. തവി അടുപ്പിൽ വച്ച് ചൂടാക്കിയാണ് പൊള്ളലേൽപ്പിച്ചത്. സമീപത്തെ വീടുകളിലുള്ള കുട്ടികളെ അടിക്കുന്നുവെന്നും കുസൃതി കാണിക്കുന്നുവെന്നും പരാതി ഉയർന്നതിനെ തുടർന്നാണ് ശിക്ഷിച്ചതെന്നാണ് അമ്മ തന്നെ പറഞ്ഞത്.
കുട്ടിയെ കുളിപ്പിക്കാൻ വിളിക്കുമ്പോൾ കുട്ടി ഓടിപ്പോകുന്നു. കുട്ടിയുടെ കുസൃതി കാരണം അയൽക്കാരും പരാതി പറയുന്നു. ആരുമറിയാതെ കാട്ടിലേക്ക് ഓടിപ്പോകുന്നു. ഇതിൽ നിന്ന് തടയാൻ വേണ്ടിയിട്ടാണ് ഇത്തരത്തിൽ പൊള്ളലേൽപ്പിച്ചതെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്.
സംഭവത്തിന് ശേഷം ഇവർ കുട്ടിയെ തമിഴ്നാട്ടിൽ കൊണ്ടു പോയി ചികിത്സ നടത്തിയിരുന്നു. വ്യാഴാഴ്ച ഇവർ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയുടെ പരിക്കുകൾ അയൽക്കാരുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് ഇവർ ചൈൽഡ് ലൈനിലും പൊലീസിലും വിളിച്ച് അറിയിക്കുകയായിരുന്നു.
സംഭവത്തിൽ ചൈൽഡ് ലൈനും അന്വേഷണം തുടങ്ങി. കുട്ടിക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ചൈൽഡ് ലൈൻ അധികൃതർ പറഞ്ഞു.