കൊച്ചി: സിൽവർ ലൈനിനു വേണ്ടി സ്ഥലമേറ്റെടുക്കുന്ന കെ റെയിൽ നടപടിയെ പിന്തുണച്ച് ഇന്ത്യൻ റെയിൽവേ ഹൈക്കോടതിയിൽ. കെറെയിൽ ഭൂമി ഏറ്റെടുപ്പിനെതിരെ കോട്ടയം സ്വദേശികൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സംസ്ഥാന സർക്കാർ വാദങ്ങളെ പിന്തുണച്ച് ഇന്ത്യൻ റെയിൽവേ ഹൈക്കോടതിയിൽ നിലപാടെടുത്തത്.
കേസിൽ വിശദമായ വാദമാണ് ഹൈക്കോടതി ഇന്ന് കേട്ടത്. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് തടസമില്ലെന്നും സംസ്ഥാന സർക്കാർ വിജ്ഞാപനത്തിന് അനുമതിയുണ്ടെന്നായിരുന്നു റെയിൽവേയുടെ നിലപാട്. സംസ്ഥാനത്തിന് ഭൂമി ഏറ്റെടുക്കാൻ റെയിൽവേയുടെ പ്രത്യേക വിജ്ഞാപനം ആവശ്യമില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ വാദം. ഇതു പ്രത്യേക റെയിൽവേ പ്രൊജക്ട് അല്ലെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. കേസ് വിധിപറയാനായി കോടതി മാറ്റിവച്ചു.
കെറെയിൽ ഭൂമി ഏറ്റെടുക്കലിനെതിരെ വിവിധ വ്യക്തികൾ ഇതിനകം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോട്ടയം ഏറ്റുമാനൂർ സ്വദേശികൾ നൽകിയ ഹർജി പരിഗണിക്കുമ്പോൾ സർവേ പൂർത്തിയാക്കാതെ ഏറ്റെടുക്കേണ്ട ഭൂമിയുടെ വിവരങ്ങൾ ലഭിച്ചത് എങ്ങനെയാണെന്നു സർക്കാരിനോടു കോടതി ചോദിച്ചിരുന്നു.
വിജ്ഞാപനം അനുസരിച്ചു സർവേ ആൻഡ് ബൗണ്ടറീസ് നിയമപ്രകാരമുള്ള സർവേ തുടരുകയാണെന്നു സീനിയർ ഗവൺമെന്റ് പ്ലീഡർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച സർക്കാർ ഉത്തരവിലെ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞ കോടതി വിശദീകരണം ആവശ്യപ്പെട്ടു.