ലോകത്തെ ഏറ്റവും മികച്ച ക്രാഫ്റ്റ് വില്ലേജിനുള്ള 2021-ലെ ഇന്റർനാഷണൽ ക്രാഫ്റ്റ് അവാർഡ് തിരുവനന്തപുരം ജില്ലയിൽ കോവളത്തിനു സമീപമുള്ള കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്. വില്ലേജ് ഓഫ് ദ് ഇയർ അവാർഡാണ് ഇവർക്കു ലഭിച്ചത് സംസ്ഥാനടൂറിസം വകുപ്പിനുവേണ്ടി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി നിർമ്മിച്ചു നടത്തുന്ന സ്ഥാപനമാണ് കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്.
കരകൗശലരംഗത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിന് ഉജ്ജ്വലസംഭാവനകൾ നല്കുന്ന ലോകമെമ്പാടുമുള്ള സ്ഥാപനങ്ങൾ, കൗൺസിലുകൾ, സർക്കാരുകൾ എന്നിവയെയും ഗുരുക്കളെയും കലാകാരരെയും ഡിസൈനർമാരെയും വ്യക്തികളെയും ആദരിക്കാൻ 2017-ൽ ആരംഭിച്ചതാണ് ഇന്റർനാഷണൽ ക്രാഫ്റ്റ് അവാർഡുകൾ. വ്യക്തിഗതമല്ലാത്ത വിഭാഗങ്ങളിൽ ഇൻഡ്യയ്ക്കു ലഭിച്ച ഏക അവാർഡാണിത്. മലേഷ്യയിലെ ക്രാഫ് കൊമൂണിറ്റി കു (Kraf Komuniti Ku) ആയിരുന്നു കഴിഞ്ഞവർഷത്തെ വില്ലേജ് ഓഫ് ദ് ഇയർ.
വേൾഡ് ക്രാഫ്റ്റ്സ് കൗൺസിൽ ഇന്റർനാഷണൽ പ്രസിഡന്റ് സാദ് ഹനി അൽ-ഖുദുമി അദ്ധ്യക്ഷനായി എല്ലാ ഭൂഖണ്ഡത്തിലുംനിന്നുള്ള പ്രതിനിധികൾ ഉൾപ്പെട്ട ജൂറിയാണ് അവാർഡുകൾ നിർണ്ണയിച്ചത്. മലേഷ്യയിലെ അസീസാ രാജ്ഞി, ക്രാഫ്റ്റ്സ് കൗൺസിലിന്റെ ഏഷ്യ-പസഫിക്, തെക്കേ അമേരിക്ക, വടക്കെ അമേരിക്ക, യൂറോപ്, ആഫ്രിക്ക മേഖലകളിലെയും രാജ്യാന്തരസമിതിയിലെയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഉപദേഷ്ടാവ് തലത്തിൽ ഉള്ളവർ, ഈ രംഗത്തെ പ്രധാനപ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ എന്നിവരായിരുന്നു അംഗങ്ങൾ.
കരകൗശലരംഗത്തെ സുസ്ഥിരവികസനമാതൃക വികസിപ്പിച്ച സ്ഥാപനങ്ങൾ ജോർജിയ ആർട്സ് ആൻഡ് കൾച്ചറൽ സെന്ററും മലേഷ്യയിലെ റിയലിസ്റ്റിക് അട്രാക്ഷനും (Realistic Attraction SDN. BHD) കമ്പനി ജപ്പാനിലെ ഷോസു സിക്കോയും (Shozu Shikko) ആണ്.ക്രാഫ്റ്റ് ഐക്കോൺ ഓഫ് ദ് ഇയർ ശ്രീലങ്കൻ നാഷണൽ ക്രാഫ്റ്റ്സ് കൗൺസിലിലെ ചന്ദ്രമാലി ലിയാംഗനെ (Chandramali Liyangane) ആണ്. കരകൗശലരംഗത്തെ സുസഥിരവികസനത്തിനും സാമൂഹികമായ ഉൾച്ചേർക്കലിനുമുള്ള പുരസ്ക്കാരം മലേഷ്യൻ പ്രിസൺ വകുപ്പിനാണ്.
മറ്റു പുരസ്കാരങ്ങൾ ഇവയാണ്:
ക്രാഫ്റ്റ് പേഴ്സൺസ് ഓഫ് ദ് ഇയറായി ഇറാൻകാരി ഷഹ്രബാനു അറേബ്യനും (Shahrbanoo Arabian), ഇൻഡ്യക്കാരൻ ദലവായി കുല്ലിയപ്പയും (Dalavayi Kullayappa) ക്രാഫ്റ്റ് ഡിസൈനേഴ്സ് ഓഫ് ദ് ഇയർ മൊറോക്കക്കാരി സൊഹ്ര സെയ്ദും (Zohra Said) മെക്സിക്കോക്കാരൻ ഇസ്മായേൽ ആർട്ടുറോ റൊഡ്രീഗസ് മൊറേനോയും (Ismael Arturo Rodriguez Moreno) തെരഞ്ഞെടുക്കപ്പെട്ടു.
നെക്സ്റ്റ് ജെനറേഷൻ ക്രാഫ്റ്റ് ഡിസൈനേഴ്സ് ഓഫ് ദ് ഇയർ ചൈനയിലെ ക്വിലിങ് ഷാങ്ങും (Qiling Zhang) ഇൻഡ്യയിലെ മുബിൻ ഖത്രിയും (Mubin Khatri) ആണ്. സ്ത്രീ, പുരുഷ വിഭാഗങ്ങളിലെ മാസ്റ്റർ ആർട്ടിസാന്മാർ രണ്ടും ഇൻഡ്യക്കാരാണ് – അമിത സച്ദേവയും (Amita Sachdeva) മുബാരിക് ഖത്രിയും (Mubarik Khatri).
ക്രാഫ്റ്റ് ബ്രാൻഡ്സ് ഓഫ് ദ് ഇയർ ആയി ഷൂസ്, ലൈഫ് സ്റ്റൈൽ, ജ്യുവൽറി, ഫാഷൻ എന്നീ വിഭാഗങ്ങളിൽ യഥാക്രമം ഹൗസ് ഓഫ് റ്റോറമല്ലി (House of Toramally), ജയ്പൂർ റഗ്സ് (Jaipur Rugs), മണ്ഡല (Mandala), ഗൗരംഗ് ഷാ (Gaurang Shah) എന്നിവയും ലക്ഷുറിയിലും ഫർണീച്ചറിലും അഷീഷ് ഷായും (Ashiesh Shah) തെരഞ്ഞെടുക്കപ്പെട്ടു.