കൊച്ചി : ലക്ഷദ്വീപിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലോ അതിലധികമോ പേ൪ കൂട്ട൦കൂടിയാൽ സി.ആര്.പി.സി 144 വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ അസ്ക൪ അലി അറിയിച്ചു. കൊവിഡിനൊപ്പം ഒമിക്രോണിന്റെയും വ്യാപനം തടയുന്നതിന് മുന്നോടിയായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് കളക്ടറുടെ ഉത്തരവില്‍ പറയുന്നത്.
ഒരു ഇടവേളയ്ക്കുശേഷമാണ് ദ്വീപിൽ വീണ്ടും കടുത്ത കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. നാലുപേരിലധികം പേർ കൂടുന്നതിന് വിലക്കുണ്ട്. അതേസമയം, സർക്കാർ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും പ്രവൃത്തിനിയന്ത്രണമില്ല. പതിവുപോലെ തന്നെ ഇവയുടെ പ്രവർത്തനം തുടരും.
ആരാധനാലയങ്ങളിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ദ്വീപിലെവിടെയും ജുമുഅ നിസ്കാരം അനുവദിച്ചില്ല. കവരത്തി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പള്ളികളിൽ നിയന്ത്രണവിവരമറിയാതെ ജുമുഅയ്ക്ക് ആളുകളെത്തിയിരുന്നു. ഇവിടങ്ങളിൽ പൊലീസെത്തി പള്ളികളടപ്പിച്ചു. പൊലീസ് കാവലുമായി നിലയുറപ്പിച്ചതോടെ ജുമുഅ നിസ്കാരം തടസപ്പെട്ടു.
ടിപിആർ നിരക്ക് പൂജ്യമായിട്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഭരണകൂട നടപടികൾക്കെതിരായ പ്രതിഷേധം തടയാനാണെന്ന് ദ്വീപ് നിവാസികൾ കുറ്റപ്പെടുത്തി.
നേരത്തെയും കൊവിഡ് സമയത്ത് ജില്ലാ കളക്ടര്‍ ലക്ഷദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഭരണകൂടത്തിനെതിരായ പ്രതിഷേധമില്ലാതാക്കാനുള്ള നടപടിയാണിതെന്ന് അന്ന് വിമർശനമുയർന്നിരുന്നു.