ജീവകാരുണ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂർ അറസ്റ്റിൽ

മലപ്പുറം: ജീവകാരുണ്യപ്രവർത്തകൻ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍. വഴിത്തർക്കവുമായി ബന്ധപ്പെട്ട് അ‍യൽവാസിയെ മർദിച്ചെന്ന പരാതിയിലാണ് പോലീസ് നടപടി.നിലമ്പൂർ തെക്കുംപാടത്തെ വീട്ടിലെത്തിയാണ് വണ്ടൂർ പൊലീസ് സുശാന്തിനെ കസ്റ്റഡിയിലെടുത്തത്. 

2018 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ സുഭാഷിനെ വഴിത്തർക്കത്തിന്‍റെ പേരിൽ മർദിച്ചെന്നാണ് പരാതി. കൈ കൊണ്ടും വടി കൊണ്ടും മർദിച്ചെന്ന് സുഭാഷിന്‍റെ പരാതിയിൽ പറയുന്നു.കേസുമായി ബന്ധപ്പെട്ട് പല തവണ സമൻസ് അയച്ചെങ്കിലും സുശാന്ത് ഹാജരായില്ല. തുടർന്നാണ് വണ്ടൂർ പൊലീസ് ഇന്ന് വീട്ടിൽ ചെന്ന് കസ്റ്റഡിയിലെടുത്തത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.