ന്യൂഡല്‍ഹി: പഞ്ചാബ് പര്യടനത്തിനിടെ പ്രധാനമന്ത്രിയുടെ സുരക്ഷയിലുണ്ടായ വീഴ്ചയില്‍ ഇടപെടലുമായി സുപ്രീംകോടതി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിച്ച് സൂക്ഷിക്കാന്‍ പഞ്ചാബ്–ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് കോടതി നിര്‍ദേശിച്ചു. സുരക്ഷാ വീഴ്ചയില്‍ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കുന്നതില്‍ കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും. കേന്ദ്രസര്‍ക്കാരും, പഞ്ചാബ് സര്‍ക്കാരും പ്രഖ്യാപിച്ച അന്വേഷണം അതുവരെ നിര്‍ത്തിവയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു.
പ്രധാനമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും രജിസ്ട്രാര്‍ക്കു കൈമാറണം. ഇതില്‍ നോഡല്‍ ഓഫിസര്‍മാരായി എന്‍ഐഎയില്‍നിന്ന് ഒരാളെയും ചണ്ഡിഗഢ് ഡയറക്ടര്‍ ജനറലിനെയും നിയോഗിക്കാമെന്നും കോടതി പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അന്വേഷണ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നത് ഉത്തരവായി ഇറക്കണമെന്ന് പഞ്ചാബ് അഡ്വക്കേറ്റ് ജനറള്‍ ഡിഎസ് പട്വാലിയ ആവശ്യപ്പെട്ടു. കേന്ദ്രത്തിൻ്റെ സമിതി ഇതിനകം തന്നെ ഡിജിപിക്കും സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് നല്‍കിക്കഴിഞ്ഞെന്ന് ഐജി പറഞ്ഞു. കേന്ദ്രം സമിതിയെ നിയോഗിച്ചത് ആഭ്യന്തര അന്വേഷണത്തിൻ്റെ ഭാഗമായി ആണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.